ഹോര്‍മുസ് അടച്ചാല്‍ നിങ്ങള്‍ക്ക് രാജ്യം തന്നെ നഷ്ടമാകുമെന്നു ഇറാനോട് ട്രംപ്,’: ഭീഷണികള്‍ക്ക് മറുപടി നൽകാന്‍ സൈന്യം സജ്ജമെന്നു ഇറാന്‍

ഹോര്‍മുസ് അടച്ചാല്‍ നിങ്ങള്‍ക്ക് രാജ്യം തന്നെ നഷ്ടമാകുമെന്നു ഇറാനോട് ട്രംപ്,’: ഭീഷണികള്‍ക്ക് മറുപടി നൽകാന്‍ സൈന്യം സജ്ജമെന്നു ഇറാന്‍


ടെഹ്‌റാന്‍: പശ്ചിമേഷ്യൻ സം​ഘർഷം അവസാനിപ്പിക്കുന്നതിന് യു.എസ്- ഇറാൻ ചർച്ച തുടരുന്നതിനിടയിലും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാനും പരസ്പരം നടത്തുന്ന വാക്പോര് തുടരുന്നു. നിങ്ങള്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചാല്‍ നിങ്ങളുടെ രാജ്യം തന്നെ നഷ്ടമാകുമെന്നുളള ട്രംപിന്റെ പരാമര്‍ശത്തിനെതിരേ ഇറാന്‍ വീണ്ടും രം​ഗത്തെത്തി. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഇറാന്‍ ഉപേക്ഷിക്കില്ലെന്നു വ്യക്തമാക്കിയ ഇറാന്‍ പ്രസിഡന്റിന്റെ പരാമര്‍ശത്തിനു പിന്നാലെ ഇറാന്റെ ആണവ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്ന മുഹമ്മദ് ഖലിബാഫ് അതിശക്തമായാണ് ട്രംപിനെതിരേ പ്രതികരിച്ചത്. ഇറാന്റെ സായുധ് സേന മറുപടി നല്കാന്‍ പൂര്‍ണ സജ്ജമെന്നു അദ്ദേഹം പറഞ്ഞു.

’അമേരിക്കന്‍ ഭീഷണികളെ ഞങ്ങള്‍ ഗൗരവമായി കാണുന്നില്ല. അവര്‍ അവരുടെ പ്രസ്താവനകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതാണ് നല്ലത്. നമ്മുടെ സായുധ സേന മറ്റൊരു രീതിയില്‍ മറുപടി നല്‍കാന്‍ തയ്യാറാണ്. അവര്‍ എന്ത് പറഞ്ഞാലും, പ്രവര്‍ത്തിക്കുന്നത് ഞങ്ങളായിരിക്കും,” മുഹമ്മദ് ഖലിബാഫ് പറഞ്ഞു.

ഞായറാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്, സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആണവ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനിടയില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയെന്ന അവകാശവാദം ഉന്നയിച്ച ട്രംപ്, ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത മുന്നറിയിപ്പ് നല്‍കിയത്.നിങ്ങള്‍ക്ക് നിങ്ങളുടെ രാജ്യത്തേക്ക് പോലും തിരിച്ചെത്താന്‍ കഴിയില്ലെന്നു ട്രംപ് പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് അടക്കുമെന്ന ഇറാന്റെ ഭീഷണിക്കുള്ള നേരിട്ടുള്ള മറുപടിയായാണ് യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന. ഈ സുപ്രധാന കപ്പൽപ്പാതയിൽ ഏതെങ്കിലും തരത്തിലുള്ള ഉപരോധം ഏർപ്പെടുത്താൻ ശ്രമിച്ചാൽ രാജ്യം കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

”നിങ്ങള്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍, നിങ്ങള്‍ക്ക് രാജ്യം തന്നെ നഷ്ടമാകും,” എന്ന് താന്‍ ഇറാനിയന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു. ആവശ്യമെങ്കില്‍ ഞങ്ങള്‍ ആ കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കും. അവര്‍ ഒരു കരാറില്‍ എത്തുന്നില്ലെങ്കില്‍, ഞങ്ങള്‍ അവിടെ ടോള്‍ ഈടാക്കും,- ട്രംപ് പറഞ്ഞു.

യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഇറാന്‍ ഉപേക്ഷിക്കില്ലെന്ന പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ പ്രസ്താവനയോട് പ്രതികരിച്ച ട്രംപ്, ”അദ്ദേഹം തന്റെ വാക്കുകള്‍ സൂക്ഷിക്കണം. അദ്ദേഹം നിലപാട് മാറ്റുന്നതാണ് നല്ലത്. അല്ലെങ്കില്‍ രാജ്യത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളും ഞങ്ങള്‍ ഏറ്റെടുക്കും,” എന്ന് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.