സ്വിറ്റ്‌സർലൻഡ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ചകൾക്ക് തുടക്കമായിരിക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. സ്വിറ്റ്‌സർലൻഡിലെ ലൂസേൺ തടാകത്തിന് സമീപം ആരംഭിച്ച ചർച്ചകൾക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇതുവരെ നാം ഒരുമിച്ച് നേടിയ പുരോഗതിക്ക് അപ്പുറം ഇനി എത്രത്തോളം മുന്നോട്ട് പോകാൻ കഴിയുമെന്നതാണ് പ്രധാന ചോദ്യം. പുതിയൊരു അധ്യായം തുറക്കാൻ കഴിയുമോ? മധ്യപൂർവദേശത്തെ ബന്ധങ്ങൾ സ്ഥിരമായി മാറ്റിമറിക്കാൻ കഴിയുമോ? അല്ലെങ്കിൽ പഴയ സംഘർഷങ്ങളുടെ വഴിയിലേക്ക് തിരിച്ചപോകുമോ?' എന്നാണ് വാൻസ് ചോദിച്ചത്.
ഇറാനുമായുള്ള ബന്ധം അടിസ്ഥാനപരമായി മാറ്റി സമാധാനത്തിനും സ്ഥിരതയ്ക്കും വഴിയൊരുക്കുന്ന പുതിയ സാഹചര്യം സൃഷ്ടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മണിക്കൂറുകളിൽ ചർച്ചകളിൽ ശ്രദ്ധേയമായ പരോഗതി ഉണ്ടായതായും ആ മന്നേറ്റം തുടരുമെന്നാണ് പ്രതീക്ഷയെന്നും വാൻസ് പറഞ്ഞു.
അതേസമയം, ചർച്ചകളിൽ ഇറാന്റെ പ്രധാന ആവശ്യമായി ഉയരുന്നത് ലെബനനിലെ വെടിനിർത്തൽ പൂർണമായി നടപ്പാക്കുക എന്നതും വിദേശരാജ്യങ്ങളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ആസ്തികൾ മോചിപ്പിക്കുക എന്നതുമാണ്.
ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഖായി ശനിയാഴ്ച പ്രതികരിക്കുമ്പോൾ ധാരണാപത്രത്തിലെ ആദ്യ വ്യവസ്ഥ ലംഘിക്കപ്പെട്ടാൽ മുഴുവൻ കരാറും ചോദ്യം ചെയ്യപ്പെടുമെന്നും മുന്നറിയിപ്പ് നൽകി. ലെബനൻ ഉൾപ്പെടെ എല്ലാ മുന്നണികളിലുമുള്ള യുദ്ധം അവസാനിപ്പിക്കണമെന്നാണ് ധാരണാപത്രത്തിലെ ആദ്യ വ്യവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാൻ സ്വന്തം ബാധ്യതകൾ പാലിച്ചുവെന്നും, എന്നാൽ ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കാൻ ഇസ്രയേലിനെ സമ്മർദത്തിലാക്കേണ്ട ഉത്തരവാദിത്തം അമേരിക്ക നിറവേറ്റിയിട്ടില്ലെന്നും ബഖായി ആരോപിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വിജയകരമാകുമോ എന്നത് മധ്യപൂർവദേശത്തെ ഭാവി രാഷ്ട്രീയസുരക്ഷാ സാഹചര്യങ്ങളെ നിർണയിക്കുന്ന പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നു.
ഇറാനുമായി പുതിയ അധ്യായം തുറക്കാൻ ആഗ്രഹിക്കുന്നു; ബന്ധം അടിസ്ഥാനപരമായി മാറ്റണമെന്ന് ജെ.ഡി. വാൻസ്
