ഹിസ്ബുള്ളയെ നിയന്ത്രിക്കണമെന്ന് ട്രംപ്; വാക്കുകൾ ശ്രദ്ധിച്ചുപയോ​ഗിക്കണമെന്ന് ഇറാന്റെ മറുപടി

ഹിസ്ബുള്ളയെ നിയന്ത്രിക്കണമെന്ന് ട്രംപ്; വാക്കുകൾ ശ്രദ്ധിച്ചുപയോ​ഗിക്കണമെന്ന് ഇറാന്റെ മറുപടി


ബേൺ: നാല് മാസമായി നീണ്ടുനിന്ന സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്സർലൻഡിൽ ഇരുപക്ഷവും ചർച്ചകൾ ആരംഭിച്ചതിനിടയിലും ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോര് രൂക്ഷം. 

ഹിസ്ബുള്ളയെ പരാമർശിച്ച് ലെബനനിലെ തങ്ങളുടെ പ്രതിനിധികളെ നിയന്ത്രിക്കണമെന്നും ഇസ്രായേലിനെതിരായ ആക്രമണങ്ങൾ നിർത്തണമെന്നും അല്ലെങ്കിൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെ ഇറാൻ കടുത്ത മറുപടിയുമായി രം​ഗത്തെത്തി. ഇതിന് ഇറാന്റെ പാ‍ർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫാണ് മറുപടി നൽകിയത്. വാക്കുകൾ ഉപയോ​ഗിക്കുമ്പോൾ ജാ​ഗ്രത പാലിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമേരിക്കയുടെ ഏത് വിധത്തിലുള്ള ആക്രമങ്ങൾക്കും ശക്തമായി പ്രതികരിക്കാൻ ഇറാന്റെ സായുധ സേന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാനിയൻ സംഘം ചർച്ചകൾക്കിടെ അൽപസമയം ഇറങ്ങിപ്പോയതായും റിപ്പോർട്ടുണ്ട്. ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനെ ആശ്രയിച്ചാവും ചർച്ചയുടെ ​ഗതിയെന്ന് ഇറാനിയൻ പ്രതിനിധി സംഘം അറിയിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവച്ച ധാരണയുടെ അടിസ്ഥാനത്തിലുള്ള ചർച്ചയുടെ ആദ്യറൗണ്ട് സ്വിറ്റ്സർലൻ‍ഡിൽ പൂർത്തിയായി.