ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു; അഞ്ച് ജില്ലകളിൽ പുതിയ കേസുകൾ, നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു; അഞ്ച് ജില്ലകളിൽ പുതിയ കേസുകൾ, നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്


കോഴിക്കോട് : സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മാവൂർ സ്വദേശിനിയായ 54കാരിയാണ് മരിച്ചത്. ഇന്ന് സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, കോഴിക്കോട് ആശങ്ക സൃഷ്ടിച്ച നിപ വൈറസ് ബാധ നിലവിൽ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരിൽ നിന്ന് പരിശോധനയ്ക്കായി ശേഖരിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നാൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ നിന്ന് ഇന്ന് ആരെയും നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.

രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധിച്ച സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിലവിൽ 104 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ നാല് പേർ അതീവ അപകടസാധ്യതയുള്ള വിഭാഗത്തിലും, 14 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും, 86 പേർ കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ആരോഗ്യവകുപ്പ് ഇവരെ നിരീക്ഷിച്ചു വരികയാണ്.