വാഷിങ്ടൺ: അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെ ഭീഷണിപ്പെടുത്തി. നിലവിൽ സ്വിറ്റ്‌സർലൻഡിൽ യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പരാമർശം.
ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഹോർമുസ് കടലിടുക്കിന്റെ 'സംരക്ഷക ശക്തി'യായി അമേരിക്ക മാറാമെന്നും അവിടെകൂടി കടന്നുപോകുന്ന എണ്ണ വ്യാപാരത്തിൽനിന്ന് നേട്ടമുണ്ടാക്കാമെന്നും ട്രംപ് പറഞ്ഞു. 'ആവശ്യമെങ്കിൽ കടലിടുക്ക് ഞങ്ങൾ ഏറ്റെടുക്കും. അവർ കരാറിലെത്തിയില്ലെങ്കിൽ ടോൾ ഈടാക്കും,' എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ഇതിന് മുമ്പും ട്രംപ് ഇറാനെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തിയിരുന്നു. ലെബനനിൽ ഹിസ്ബുള്ള നടത്തുന്ന നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ട്രംപ്, അത് തുടരുകയാണെങ്കിൽ ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.
ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെ സ്വിറ്റ്‌സർലൻഡിൽ നടന്നുകൊണ്ടിരുന്ന ചർച്ചകൾക്കും തിരിച്ചടിയേറ്റു. ട്രംപിന്റെ ഭീഷണിയിൽ പ്രതിഷേധിച്ച് ഇറാൻ പ്രതിനിധിസംഘം ചർച്ചാവേദി വിട്ടതായി ഇറാനിയൻ വാർത്താ ഏജൻസിയായ തസ്‌നീം റിപ്പോർട്ട് ചെയ്തു. ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് യുഎസ് പ്രതിനിധിസംഘം ഒരുക്കിയിരുന്ന കൈകോർക്കലും സംയുക്ത ഫോട്ടോ സെഷനും ഇറാൻ നിരസിച്ചതായും റിപ്പോർട്ടുണ്ട്.
ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചാകാരനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് ട്രംപിന്റെ പരാമർശങ്ങൾക്ക് ശക്തമായി തിരിച്ചടിച്ചു. 'അമേരിക്കയുടെ ഭീഷണികളെ ഞങ്ങൾ ഗൗരവമായി കാണുന്നില്ല. ഭീഷണികൾ ഫലപ്രദമായിരുന്നെങ്കിൽ അവർ ഇന്ന് ഈ അവസ്ഥയിലെത്തുമായിരുന്നില്ല,' എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
'ഞങ്ങളുടെ സായുധസേന ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. അവർ പറയുന്നത് ഒന്നായിരിക്കാം, പക്ഷേ പ്രവർത്തിക്കുക ഞങ്ങളായിരിക്കും,' എന്നും ഖാലിബാഫ് മുന്നറിയിപ്പ് നൽകി.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെ ഇരുരാജ്യങ്ങളുടെയും പരസ്പര ആരോപണങ്ങളും ഭീഷണികളും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമാക്കുകയാണ്.
'കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ഹോർമുസ് കടലിടുക്ക് ഏറ്റെടുക്കും'; ഇറാനെതിരെ വീണ്ടും ട്രംപിന്റെ ഭീഷണി
