മേരിലാന്‍ഡിലെ വനമേഖലയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണു; മൂന്ന് മരണം

മേരിലാന്‍ഡിലെ വനമേഖലയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണു; മൂന്ന് മരണം


ന്യൂജേഴ്‌സി: മേരിലാന്‍ഡിലെ വനമേഖലയില്‍ സ്വകാര്യ വിമാനം തകര്‍ന്നു വീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടു. ന്യൂജേഴ്സിയിലെ ഓഷ്യന്‍ സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന ഒറ്റ എന്‍ജിനുള്ള പൈപ്പര്‍ ചെറോക്കി സ്വകാര്യ വിമാനം കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച പുലര്‍ച്ചെ വിമാനം തകര്‍ന്നു വീണതായും മൂന്നൂപേര്‍ കൊല്ലപ്പെട്ടതായും കണ്ടെത്തിയത്. മേരിലാന്‍ഡിലെ വനപ്രദേശത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും രണ്ട് യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. 

ശനിയാഴ്ച രാത്രി 11:30-ഓടെ ന്യൂ ജേഴ്സിയിലെ ഓഷ്യന്‍ സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മേരിലാന്‍ഡിലെ മോണ്ട്‌ഗോമറി കൗണ്ടി എയര്‍ പാര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് തകര്‍ന്നുവീണതെന്ന് പോലീസ് അറിയിച്ചു. ”വിമാനം മോണ്ട്‌ഗോമറി കൗണ്ടിയിലെ പ്രാദേശിക ഫ്‌ലൈറ്റ് സ്‌കൂളിന്റെ ഉടമസ്ഥതയിലാണെന്നും പരിശീലന പറക്കലിനിടയിലാവും അപകടം സംഭവിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക കണക്കുകൂട്ടല്‍. ബന്ധുക്കളെ അറിയിക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനം പറന്നുയര്‍ന്ന് 15 മിനിറ്റിന് ശേഷം, ബോവി പ്രദേശത്ത് റൂട്ട് 50-ഉം റൂട്ട് 301-ഉം സംഗമിക്കുന്ന ഭാഗത്തിന് സമീപം അപകടം നടന്നതായി സൂചിപ്പിക്കുന്ന ഒരു ഐഫോണ്‍ ക്രാഷ് അലര്‍ട്ട് പ്രിന്‍സ് ജോര്‍ജ്‌സ് കൗണ്ടി പബ്ലിക് സേഫ്റ്റി കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന് ലഭിച്ചു.

വിമാനം തകര്‍ന്നുവീണ വനപ്രദേശം ബോവിയിലെജനവാസ മേഖലയ്ക്ക് വളരെ അടുത്തായിരുന്നുവെന്ന് മേരിലാന്‍ഡ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. അപകട കാരണം കണ്ടെത്തുന്നതിനായി അമേരിക്കയുടെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം ആരംഭിച്ചു.