നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം; ബിഹാറില്‍ 9 പേര്‍ അറസ്റ്റില്‍; യുപിയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും സിം കാര്‍ഡ് പിടിച്ചെടുത്തു

നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം; ബിഹാറില്‍ 9 പേര്‍ അറസ്റ്റില്‍; യുപിയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും സിം കാര്‍ഡ് പിടിച്ചെടുത്തു


ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് ബിഹാറില്‍ 9 പേര്‍ അറസ്റ്റിലായി. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷ എഴുതിയവരാണ് അറസ്റ്റിലായത്. ബിഹാറിലെ ലഖിസാരായിലാണ് സംഭവം. ഇവരുടെ സംഘത്തിൽ‍ 12 ഓളം പേരുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. പണം വാങ്ങി ഇവര്‍ പരീക്ഷ എഴുതിയത്.

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ അടിവസ്ത്രത്തില്‍ നിന്നും സിം കാര്‍ഡ് കണ്ടെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്തു. നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. മൈദാഗിന്‍ ഏരിയയിലെ ഹരിശ്ചന്ദ്ര പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിലാണ് സംഭവം.

പരീക്ഷയ്ക്ക് മുന്നോടിയായുള്ള പരിശോധനയിലാണ് ഒരു വിദ്യാര്‍ത്ഥിയെ സംശയകരമായ നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് അടിവസ്ത്രത്തില്‍ നിന്നും സിം കാര്‍ഡും, പഴയ ചോദ്യപേപ്പറും കണ്ടെടുത്തത്. ബലിയ സ്വദേശിയായ പ്രിന്‍സ് ദുബെ എന്ന വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. 

രാജ്യത്തെ മറ്റു ചില കേന്ദ്രങ്ങളിലും ആള്‍മാറാട്ടം നടന്നതായി പരാതികള്‍ ഉയരുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും, കനത്ത സുരക്ഷയോടെയാണ് ഇത്തവണ പരീക്ഷ നടന്നതെന്നും എന്‍ടിഎ വ്യക്തമാക്കി.