ഇസ്ലാമാബാദ്: സിന്ധുനദീജല വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകൾ പാകിസ്ഥാന്‍റെ ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ സൈനിക നടപടിയിലേക്ക് കടക്കുമെന്ന ഭീഷണിയുമായി പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സിന്ധുനദീജല കരാർ ഇന്ത്യ താത്കാലികമായി റദ്ദാക്കിയതിനെത്തുടർന്ന് നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് പാകിസ്ഥാന്‍റെ പുതിയ യുദ്ധഭീഷണി. 'എ.ആർ.വൈ ന്യൂസിന്' നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്.
ജലസുരക്ഷ എന്നത് രാജ്യത്തിന്‍റെ പരമാധികാരവുമായി ബന്ധപ്പെട്ട പ്രധാന വിഷയമാണെന്നും അതിന്മേൽ എന്തെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായാൽ പ്രതികരിക്കാൻ പാകിസ്ഥാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത ജലക്ഷാമം നേരിടുന്ന പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കാനോ തടസപ്പെടുത്താനോ ഇന്ത്യ അതിവേഗം നീങ്ങുന്നതായി ബോധ്യപ്പെട്ടാൽ സൈന്യത്തെ ഉപയോഗിച്ചുള്ള പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2028 ജൂണോടെ പാകിസ്ഥാനിലേക്കുള്ള സിന്ധുനദിയിലെ വെള്ളത്തിന്‍റെ ഒഴുക്ക് പൂർണ്ണമായും നിർത്തലാക്കാൻ സാധിക്കുമെന്ന് ഇന്ത്യയുടെ ജൽശക്തി മന്ത്രി സി.ആർ പാട്ടീൽ വ്യക്തമാക്കുന്ന ഒരു വീഡിയോ ദൃശ്യം അടുത്തിടെ പുറത്തുവന്നതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ ഈ പ്രകോപനപരമായ പ്രസ്താവന. 2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് 1960-ലെ സിന്ധുനദീജല കരാർ ഇന്ത്യ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയത്. ഈ ആക്രമണത്തിന് പിന്നിൽ പാക് പിന്തുണയുള്ള ഭീകരരാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇസ്ലാമാബാദ് വിശ്വസനീയവും ശാശ്വതവുമായ നടപടി സ്വീകരിക്കുന്നതുവരെ ലോകബാങ്കിന്‍റെ മധ്യസ്ഥതയിലുണ്ടായ ഈ കരാർ പുനഃസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സിന്ധുനദീജല കരാർ റദ്ദാക്കൽ: യുദ്ധത്തിന് മടിക്കില്ലെന്ന് പാകിസ്ഥാന്‍റെ ഭീഷണി
