ന്യൂഡൽഹി: ലോകത്തിലെ അതിവേഗ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിലൊന്നായ ബ്രഹ്മോസ് മിസൈൽ യുഎഇയ്ക്ക് (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്) വിൽക്കുന്നതിനുള്ള ചർച്ചകൾ ഇന്ത്യയും യുഎഇയും തമ്മിൽ പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യ വികസിപ്പിച്ച മറ്റ് പ്രതിരോധ സംവിധാനങ്ങളോടൊപ്പം ബ്രഹ്മോസും വാങ്ങുന്നതിൽ യുഎഇ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, ബ്രഹ്മോസിന് പുറമെ ഇന്ത്യയുടെ തദ്ദേശീയ വ്യോമപ്രതിരോധ നിയന്ത്രണ സംവിധാനമായ 'ആകാശ്തീർ' വാങ്ങുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയോ യുഎഇയോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
പ്രതിരോധ മേഖലയിലെ വിവിധ ഇന്ത്യൻ സംവിധാനങ്ങളോട് യുഎഇ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബ്രഹ്മോസും ആകാശ്തീറും അതിൽ ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചർച്ചകൾ ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണെങ്കിലും വേഗത്തിൽ മുന്നേറുകയാണെന്നാണ് സൂചന.
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ മണിക്കൂറിൽ മാച്ച് 3ലധികം വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. കൃത്യമായ ലക്ഷ്യഭേദശേഷിയുള്ള ഈ മിസൈൽ ലോകത്തിലെ ഏറ്റവും ശക്തമായ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
അതേസമയം, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ഇന്ത്യൻ സൈന്യവും ചേർന്ന് വികസിപ്പിച്ച ആകാശ്തീർ പൂർണമായും ഓട്ടോമേറ്റഡ് ആയ വ്യോമപ്രതിരോധ നിയന്ത്രണ സംവിധാനമാണ്. ശത്രുവിന്റെ വ്യോമാക്രമണങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ ഇതിന് കഴിയും.
മധ്യപൂർവേഷ്യയിൽ സമീപകാലത്ത് ഉണ്ടായ സംഘർഷങ്ങളും ഇറാന്റെ ആക്രമണ ഭീഷണിയും കണക്കിലെടുത്താണ് യുഎഇ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ നിന്ന് ആധുനിക ആയുധ സംവിധാനങ്ങൾ വാങ്ങുന്നത് ഈ ലക്ഷ്യത്തിന്റെ ഭാഗമായാണ് കാണപ്പെടുന്നത്.
ബ്രഹ്മോസ് ഇന്ത്യ-റഷ്യ സംയുക്ത പദ്ധതിയായതിനാൽ വിൽപ്പന കരാർ യാഥാർഥ്യമാകാൻ റഷ്യയുടെ അനുമതിയും ആവശ്യമാണ്. എന്നാൽ അബുദാബിയുമായുള്ള മോസ്‌കോയുടെ അടുത്ത ബന്ധം കണക്കിലെടുക്കുമ്പോൾ ഇത് വലിയ തടസ്സമാകില്ലെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
യുഎഇയ്ക്ക് ബ്രഹ്മോസ് മിസൈൽ വിൽക്കാൻ ഇന്ത്യ; പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നു
