ബ്രിട്ടനിൽ നേതൃത്വമാറ്റം; കെയർ സ്റ്റാർമർ രാജിവെച്ചു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആൻഡി ബേൺഹാമിന് മുൻതൂക്കം

ബ്രിട്ടനിൽ നേതൃത്വമാറ്റം; കെയർ സ്റ്റാർമർ രാജിവെച്ചു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആൻഡി ബേൺഹാമിന്  മുൻതൂക്കം


ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചതായി പ്രഖ്യാപിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ചരിത്രപരമായ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടിയെ അധികാരത്തിലെത്തിച്ച സ്റ്റാർമർ, ജനപ്രീതി ഇടിഞ്ഞതും 2026 മെയ് മാസത്തിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും പിന്നാലെയാണ് പദവി ഒഴിയുന്നത്.

നേറ്റോ ഉച്ചകോടിക്ക് ശേഷം ജൂലൈ 9 മുതൽ ലേബർ പാർട്ടി നേതൃത്വ തിരഞ്ഞെടുപ്പ് ആരംഭിക്കുമെന്ന് സ്റ്റാർമർ അറിയിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയായി തുടരും.

ലേബർ പാർട്ടിക്ക് പാർലമെന്റിൽ വൻ ഭൂരിപക്ഷമുള്ളതിനാൽ പുതിയ പാർട്ടി നേതാവാകുന്ന വ്യക്തി സ്വാഭാവികമായും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകും. മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് 403 ലേബർ എംപിമാരിൽ കുറഞ്ഞത് 20 ശതമാനം പേരുടെ, അതായത് 81 എംപിമാരുടെ പിന്തുണ ആവശ്യമാണ്. കൂടാതെ അനുബന്ധ സംഘടനകളുടെയും പ്രാദേശിക പാർട്ടി ഘടകങ്ങളുടെയും പിന്തുണയും നേടണം.

അന്തിമ ഘട്ടത്തിൽ ആറുമാസത്തിലേറെ അംഗത്വമുള്ള ലേബർ പാർട്ടി അംഗങ്ങൾ വോട്ടുചെയ്താണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുക. ഒരാൾക്ക് ആവശ്യമായ പിന്തുണ നേരത്തേ ലഭിച്ചാൽ അംഗത്വ വോട്ടെടുപ്പ് ഒഴിവാക്കി നേരിട്ട് നേതാവായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

അതേസമയം, ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മുൻ മേയറായ ആൻഡി ബേൺഹാം പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഏറ്റവും ശക്തമായ സ്ഥാനാർഥിയായി ഉയർന്നുവരുന്നുണ്ട്. അടുത്തിടെ നടന്ന മേക്കർഫീൽഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ബേൺഹാമിന് പാർട്ടിക്കുള്ളിൽ വ്യാപക പിന്തുണ ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ.

സ്റ്റാർമറുടെ നേതൃത്വത്തെ വിമർശിച്ച് ആരോഗ്യമന്ത്രി സ്ഥാനം രാജിവെച്ച വെസ് സ്ട്രീറ്റിംഗും ബേൺഹാമിനെ പിന്തുണച്ചതായി റിപ്പോർട്ടുണ്ട്. പാർട്ടിയിലെ നിരവധി എംപിമാരുടെ പിന്തുണ നേടിയ ബേൺഹാമിന് 200ലേറെ നാമനിർദേശങ്ങൾ ലഭിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

ഇതോടെ മത്സരമില്ലാതെ തന്നെ ആൻഡി ബേൺഹാം ലേബർ പാർട്ടി നേതാവും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയും ആകുമോയെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിരിക്കുകയാണ്.