ഒട്ടാവ: ഇന്ത്യന്‍ വംശജനായ വാര്‍ത്താ അവതാരകന്‍ ട്രാവിസ് ധനരാജ് കാനഡയിലെ സിബിസി ന്യൂസില്‍ നിന്ന് രാജിവച്ചു, ചാനല്‍ തന്നെ മാറ്റിനിര്‍ത്തുകയും നിശബ്ദമാക്കുകയും ചെയ്യുന്നുവെന്നും എഡിറ്റോറിയല്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും ആരോപിച്ചാണ് രാജി. സിബിസി ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ സ്ഥാപനത്തിനെതിരെ കേസ് കൊടുക്കാനാണ് ട്രാവിസ് പദ്ധതിയിടുന്നത്.
ന്യൂസ് റൂമിലെ വീക്ഷണകോണുകളുടെ വൈവിധ്യത്തെയും എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് രാജിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് 42 കാരനായ അദ്ദേഹം പറഞ്ഞു.
സഹ ജീവനക്കാര്‍ക്ക് അയച്ച കുറിപ്പില്‍ സിബിസിയുടെ ചില എഡിറ്റോറിയല്‍ തീരുമാനങ്ങളെയും 'സിബിസിയുടെ പ്രഖ്യാപിത മൂല്യങ്ങളും അതിന്റെ ആന്തരിക യാഥാര്‍ഥ്യവും തമ്മിലുള്ള വിടവും' ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് താന്‍ സ്ഥാപനം വിടാന്‍ തീരുമാനിച്ചതായി ധനരാജ് പറഞ്ഞു.
ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും സഹ സ്റ്റാഫ് അംഗത്തിന് നല്‍കിയ ആന്തരിക ഇ-മെയില്‍ ഉദ്ധരിച്ച് സിബിസി തന്നെ അദ്ദേഹത്തിന്റെ രാജി റിപ്പോര്‍ട്ട് ചെയ്തു.
സിബിസി ന്യൂസ് നെറ്റ്വര്‍ക്കില്‍ 'കാനഡ ടുനൈറ്റ് വിത്ത് ട്രാവിസ് ധന്‍രാജ്' എന്ന പരിപാടിയുടെ അവതാരകനായിരുന്നു ട്രാവിസ്.
സ്വമേധയാ ഉള്ള തീരുമാനമല്ലെന്നാണ് അദ്ദേഹം തന്റെ സിബിസി അക്കൗണ്ടില്‍ നിന്ന് വിവിധ സിബിസി ഗ്രൂപ്പ് ഇ-മെയില്‍ വിലാസങ്ങളിലേക്ക് അയച്ച വിടവാങ്ങല്‍ സന്ദേശത്തില്‍ എഴുതിയിരിക്കുന്നത്. പ്രതികാരവും ഒഴിവാക്കലും മാനസിക ഉപദ്രവവും ജോലിസ്ഥലത്ത് തുടര്‍ന്നതിനാലാണ് രാജിയെന്ന് ധന്‍രാജ് പറഞ്ഞു.
2024 ഡിസംബര്‍ ആദ്യം മുതല്‍ ധനരാജ് രംഗത്തുണ്ടായിരുന്നില്ല. 2025 ഫെബ്രുവരിയില്‍ കാനഡ ടുനൈറ്റിന് പകരം ഇയാന്‍ ഹനോമാന്‍സിങ് അവതാരകനായ ഹനോമാന്‍സിങ് ടുനൈറ്റ് എന്ന പരിപാടി അവതരിപ്പിച്ചു.
ക്രൗണ്‍ കോര്‍പ്പറേഷന്‍ ധനരാജിന്റെ രാജിയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ 'നിരസിക്കുന്നു' എന്ന് സിബിസി വക്താവ് കെറി കെല്ലി പറഞ്ഞു.
കാനഡയിലെ കാല്‍ഗറിയില്‍ ജനിച്ച ധനരാജിന് ബ്രോഡ്കാസ്റ്റ് ജേണലിസത്തില്‍ 20 വര്‍ഷത്തെ കരിയറുണ്ട്. സിബിസിയില്‍
സീനിയര്‍ പാര്‍ലമെന്ററി റിപ്പോര്‍ട്ടറാകുന്നതിന് മുമ്പ് അദ്ദേഹം ഗ്ലോബല്‍ ന്യൂസിന്റെ ക്വീന്‍സ് പാര്‍ക്ക് ബ്യൂറോ ചീഫായിരുന്നു. സിബിസിയിലെ അദ്ദേഹത്തിന്റെ ബയോ പ്രകാരം സിപി24, സിടിവി ന്യൂസ് എന്നിവയിലും അദ്ദേഹം ജോലി ചെയ്തു.
ട്രാവിസ് 2004ല്‍ റയേഴ്സണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ടൊറന്റോയിലെ റേഡിയോ ആന്റ് ടെലിവിഷന്‍ ആര്‍ട്സ് പ്രോഗ്രാമില്‍ നിന്ന് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയതായി ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നു.