ടൊറന്റോ: രണ്ടാഴ്ചയോളമായി കാണാതായിരുന്ന 14കാരിയെ സുരക്ഷിതയായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നഗരത്തിലെ ഒരു വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് പേര് വെളിപ്പെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു. കണ്ടെത്തിയ ഉടന്‍ ആരോഗ്യനില പരിശോധിക്കുന്നതിന് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതായും ടൊറന്റോ പൊലീസ് സര്‍വീസിന്റെ വക്താവ് സൂപ്രണ്ട് ഡോണ്‍ ബെലാംഗര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ കാണാതാകലിന് പിന്നില്‍ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം കേന്ദ്രീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ കണ്ടെത്തിയ വീട് എവിടെയാണെന്നതോ അവിടെ ആരൊക്കെ ഉണ്ടായിരുന്നുവെന്നതോ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസില്‍ കുറ്റം ചുമത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച നിരവധി വിവരങ്ങളും സൂചനകളും അന്വേഷണത്തിന് സഹായകമായതായി പൊലീസ് വ്യക്തമാക്കി.
ടൊറന്റോ മേയര്‍ ഒലിവിയ ചൗ സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസിനും രക്ഷാപ്രവര്‍ത്തകര്‍ക്കും സമൂഹാംഗങ്ങള്‍ക്കും നന്ദി അറിയിച്ചു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളും മകളെ സുരക്ഷിതമായി കണ്ടെത്തിയതില്‍ വലിയ ആശ്വാസമുണ്ടെന്ന് പ്രസ്താവനയില്‍ അറിയിച്ചു. മകളെ കണ്ടെത്താനുള്ള തിരച്ചിലില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കുടുംബം നന്ദി അറിയിച്ചു.
മെയ് 16നാണ് പെണ്‍കുട്ടിയെ അവസാനമായി ബാതര്‍സ്റ്റ് സ്ട്രീറ്റിനും ഹോട്ട്സ്പര്‍ റോഡിനും സമീപം കണ്ടതെന്ന് പൊലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള 'ലെവല്‍ 1' തിരച്ചില്‍ പ്രഖ്യാപിക്കുകയും ഡ്രോണ്‍, നായപ്പട, മൗണ്ടഡ് യൂണിറ്റ്, മറൈന്‍ യൂണിറ്റ് എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യേക സേനകളെ വിന്യസിക്കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയെ സുരക്ഷിതമായി കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ക്ക് 25,000 ഡോളര്‍ പാരിതോഷികവും കുടുംബം പ്രഖ്യാപിച്ചിരുന്നു.
