പാരിഷ് നൈറ്റ് ഫെസ്റ്റിവ്‌സ് ക്രിസ്റ്റി 23ന്

പാരിഷ് നൈറ്റ് ഫെസ്റ്റിവ്‌സ് ക്രിസ്റ്റി 23ന്


ലണ്ടന്‍ ഒന്റാരിയോ: സെന്റ് മേരീസ് സിറോ മലബാര്‍ ഇടവകയിലെ പാരിഷ് നൈറ്റ് ഫെസ്റ്റിവ്‌സ് ക്രിസ്റ്റി നവംബര്‍ 23ന് വൈകിട്ട് നാലരയ്ക്ക് ഇടവക ജനങ്ങളുടെ വര്‍ണ്ണാഭമായ കലാപരിപാടികളുടെ അകമ്പടിയോടെ പ്രൗഢഗംഭീരമായി നടത്തുന്നു.

ഒന്റാറിയോ പ്രവിശ്യയില്‍ കൊച്ചു കേരളം എന്നറിയപ്പെടുന്ന ലണ്ടന്‍ പട്ടണത്തില്‍ കുടിയേറ്റ മലയാളി കത്തോലിക്കരുടെ വിശ്വാസ തീക്ഷ്ണതയില്‍ സീറോ മലബാര്‍ സഭ കാനഡയിലെ ആദ്യത്തെ മിഷനുകളില്‍ ഒന്നായി 2007ല്‍ പരിശുദ്ധ ദൈവമാതാവിന്റെ പേരില്‍ ദൈവാലയം സ്ഥാപിതമായി.

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിലുള്ള ഈ ദേവാലയം കാനഡയിലെ തന്നെ ഏറ്റവും വലിയ ഇടവകകളില്‍ ഒന്നായി നിലകൊള്ളുന്നു.

ദൈവകൃപാവരത്തിന്റെ നിലയ്ക്കാത്ത പ്രവാഹമായി നിലകൊള്ളുന്ന ഈ ദേവാലയത്തില്‍ ദിവസേന അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലികളിലൂടെ ഇടവക സമൂഹത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങള്‍ എണ്ണമറ്റതാണ്.

ഓരോ ഇടവകയുടെയും വിദ്യാഭ്യാസവളര്‍ച്ചയിലും ഭക്തസംഘടനകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. എസ്എംവൈഎം, ചെറുപുഷ്പ മിഷന്‍ലീഗ്, ഹോളി ചൈല്‍ഡ്ഹുഡ്, ജീസസ് കിഡ്‌സ്, ജീസസ് യൂത്ത്, നേഴ്‌സസ് മിനിസ്ട്രി എന്നീ ഭക്തസംഘടനകള്‍ക്കു പുറമേ ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള്‍ക്ക് സഹായിക്കുന്ന ആള്‍ത്താരസംഘവും ഇവിടെ പ്രവര്‍ത്തിക്കുന്നു.

സീനിയര്‍, ജൂനിയര്‍, ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളുള്ള വിപുലമായ ഒരു ഗായകസംഘം ദേവാലയത്തെ സംഗീത സാന്ദ്രമാക്കുന്നു.

ഈ ദേവാലയത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന വിശ്വാസപരിശീലന ക്ലാസുകളില്‍ ഒന്നു മുതല്‍ 12 വരെ 700ഓളം കുട്ടികള്‍ വിശ്വാസ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നു.

സീറോ മലബാര്‍ പാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് ക്രൈസ്തവമൂല്യത്തില്‍ അധിഷ്ഠിതമായി വിശ്വാസജീവിതത്തില്‍ കുട്ടികളെയും യുവജനങ്ങളെയും വളര്‍ത്തിക്കൊണ്ടുവരുന്നതിനായി നിസ്വാര്‍ഥമായി സേവനം ചെയ്യുന്ന നാല്‍പതോളം സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, പി ടി എ, ഭക്ത സഘടനകള്‍ എന്നിവ നിര്‍ണ്ണായക പങ്കു വഹിക്കുന്നു.

ഇടവകയില്‍ വര്‍ഷം തോറും നടത്തുന്ന പാരിഷ് പിക്‌നിക്, പാരിഷ് നൈറ്റ്, വിശ്വാസ പരിശീലന ആനിവേഴ്‌സറി, ഫെയ്ത്ത് ഫെസ്റ്റ് ഇങ്ങനെയുള്ള കൂടിച്ചേരലുകള്‍ ഇടവകാംഗങ്ങള്‍ക്ക് പരസ്പരമുള്ള സ്‌നേഹവും സഹകരണവും അരക്കിട്ട് ഉറപ്പിക്കാന്‍ സഹായകമാകുന്ന വേദിയാകുന്നു.

ഇടവകയുടെ അഭിമാനപദ്ധതിയായ ദേവാലയ നിര്‍മാണം അന്തിമഘട്ടത്തിലാണ്. മൂന്നര ഏക്കര്‍ സ്ഥലത്തു നിലകൊള്ളുന്ന ബൃഹത്തായ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇടവകജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വേറിട്ട ഒരു കാഴ്ചയായി മാറുമെന്നത് നിസ്സംശയമാണ്. ഇടവക ജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിന് നന്ദി പറയുന്നതോടൊപ്പം കൂടുതല്‍ സഹകരണവും പ്രതീക്ഷിക്കുന്നു.

ജനതയെ ആത്മീയ വഴിയില്‍ കാലിടറാന്‍ ഇടവരുത്താതെ മാര്‍ഗ്ഗദര്‍ശിയായി ഇടവകയെ മുന്നില്‍ നിന്നു നയിക്കുന്ന വികാരി ഫാദര്‍ പ്ലോജന്‍ ആന്റണി കണ്ണമ്പുഴ, സഹവികാരി ഫാദര്‍ ജോയല്‍ ജോസഫ് വരിക്കാനിക്കല്‍, ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന കൈക്കാരന്മാരായ ബാബു ചിരിയാന്‍, ഷിനോ ജോര്‍ജ്, ബിജു കുര്യാക്കോസ്, ജെറില്‍ കുര്യന്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ഇടവകാംഗങ്ങളുടെ കരുത്താണ്.

എല്ലാ പ്രവര്‍ത്തനങ്ങളിലും ഇവര്‍ക്കു താങ്ങും തണലുമായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത് ഫെസ്റ്റിവ്‌സ് ക്രിസ്റ്റി 2024 കോ ഓര്‍ഡിനേറ്റര്‍സ് ഷിബിന്‍ ഇമ്മാനുവേല്‍ ആന്റണി, വിനില്‍ ജോസ് എന്നിവരാണ്.


പാരിഷ് നൈറ്റ് ഫെസ്റ്റിവ്‌സ് ക്രിസ്റ്റി 23ന്