ടൊറന്റോ: ഓംനിക്കു വേണ്ടി ലെഗര്‍ കമ്മീഷന്‍ ചെയ്ത വോട്ടെടുപ്പില്‍ കുടിയേറ്റക്കാരില്‍ മൂന്നില്‍ രണ്ട് പേരും അന്താരാഷ്ട്ര വിദ്യാര്‍ഥി നയങ്ങള്‍ കര്‍ശനമാക്കിയതിനെ പിന്തുണക്കുന്നതായി കണ്ടെത്തല്‍. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 67 ശതമാനം പേരാണ് പിന്താങ്ങുന്നത്. ഇതില്‍ കൂടുതലും ആറ് വര്‍ഷത്തിലേറെയായി കാനഡയിലുള്ളവരാണ്.
ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാര്‍ക്കിടയിലാകട്ടെ കര്‍ശന നയങ്ങള്‍ക്കുള്ള പിന്തുണ 77 ശതമാനമായാണ് ഉയര്‍ന്നത്.
എന്നാല്‍ കാനഡയിലുള്ള ചില വിദ്യാര്‍ഥികള്‍ പുതിയ നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന പോസ്റ്റ്-ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റിന്റെ യോഗ്യതാ മാനദണ്ഡത്തിലെ സമീപകാല മാറ്റങ്ങളില്‍ തനിക്ക് ആവശ്യമായ മത്സരരീതിയില്ലെന്ന ആശങ്കയാണ് ചൈനീസ് പൗരനായ യുഹാന്‍ ആന്‍ പങ്കുവെച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് ബിസിനസ് ബിരുദം നേടാന്‍ യുഹാന്‍ ആന്‍ ടൊറന്റോയിലെത്തിയത്. തനിക്ക് ബിരുദാനന്തര ബിരുദം നേടണമെന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം ഓംനി ന്യൂസിനോട് പറഞ്ഞു.
പുതിയ നയ മാറ്റങ്ങള്‍ ബിരുദ വിദ്യാര്‍ഥികളെ ബാധിക്കുന്നതായും പുതിയവരെ കാനഡയിലേക്ക് ആകര്‍ഷിക്കുന്നത് ഇല്ലാതാക്കുന്നുവെന്നും വിദ്യാര്‍ഥിയായ ഷെറി കാഷി അഭിപ്രായപ്പെട്ടു. ഇറാനില്‍ നിന്നുള്ള കാഷി 2019ലാണ് അന്താരാഷ്ട്ര വിദ്യാര്‍ഥിയായി കാനഡയിലെത്തിയത്. യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പി എച്ച് ഡി ചെയ്യുന്ന അദ്ദേഹം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ താമസിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണെന്നും സ്ഥിര താമസത്തിലേക്കുള്ള പാത ദുഷ്‌കരമാണെന്നും അറിയാമെന്നും വ്യക്തമാക്കുന്നു. എല്ലാ ദിവസവും രാവിലെ ഉണര്‍ന്നയുടന്‍ വാര്‍ത്തകളാണ് പരിശോധിക്കുന്നതെന്നും കാര്യങ്ങള്‍ ബുദ്ധിമുട്ടാണെന്ന് അറിയാമെന്നും അദ്ദേഹം വിശദമാക്കുന്നു.
കുടിയേറ്റത്തിന്റെ സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ചര്‍ച്ചയുടെ കാതല്‍ അന്തര്‍ദേശീയ വിദ്യാര്‍ഥികളാണ്. കനേഡിയന്‍മാര്‍ വോട്ടെടുപ്പിലേക്ക് പോകുമ്പോള്‍ ബാലറ്റ് ബോക്‌സുകളില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു പ്രശ്‌നം കൂടിയാണിത്.
അടുത്ത ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ കുടിയേറ്റം ഒരു പ്രധാന വിഷയമായിരിക്കുമെന്ന് 10 കുടിയേറ്റക്കാരില്‍ എട്ടു പേരും വിശ്വസിക്കുന്നുണ്ടെന്ന് ഓംനി ലെജര്‍ പോള്‍ കണ്ടെത്തി. അതേസമയം പ്രതികരിച്ചവരില്‍ പകുതിയിലധികം പേരും തെരഞ്ഞെടുപ്പിനായി മുന്നോട്ട് വച്ച കുടിയേറ്റ നയങ്ങള്‍ തങ്ങളുടെ വോട്ട് രീതിയെ സ്വാധീനിക്കുമെന്ന് പറഞ്ഞു.
പുറത്തുവിട്ട വോട്ടെടുപ്പ് ഡാറ്റയ്ക്ക് മറുപടിയായി ഓംനി ന്യൂസിനോട് സംസാരിച്ച ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ സമീപകാല നടപടികള്‍ക്കുള്ള പിന്തുണയെക്കുറിച്ച് കേട്ടതില്‍ സന്തോഷമുണ്ടെങ്കിലും അവ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. കൂടുതല്‍ മികവുറ്റ രീതിയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥി വിസ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് ഇക്കാര്യങ്ങള്‍ എത്തിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടമാക്കി.
ജനുവരിയിലാണ് ഒട്ടാവ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിയന്ത്രിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വളരെയധികം വര്‍ധിച്ച താത്ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് പദ്ധതികള്‍ കൊണ്ടുവന്നു.
യോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ അഭയാര്‍ഥി പഠന കേന്ദ്രത്തിന്റെ ഡയറക്ടര്‍ യോന്നേ സു അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയോട് തനിക്ക് വിയോജിപ്പില്ലെങ്കിലും പുതിയ നയങ്ങളുടെ 'പ്രക്ഷുബ്ധമായ' രീതിയെ വിമര്‍ശിക്കുന്നു. കൂടിയാലോചനകളുടെ അഭാവം ഇക്കാര്യത്തിലുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിലെ സമീപകാല മാറ്റങ്ങള്‍ യഥാര്‍ഥത്തില്‍ തങ്ങളുടെ പല സമ്മര്‍ദ്ദപരമായ വെല്ലുവിളികളും പരിഹരിക്കാന്‍ വളരെ പ്രയാസകരമാക്കുമെന്നും കാനഡയിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായം അഭിമുഖീകരിക്കുന്ന ഫണ്ടിംഗ് പ്രതിസന്ധി കൂടുതല്‍ ആഴത്തിലാക്കുമെന്നും രാജ്യത്തെ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന അസോസിയേഷനായ കോളജസ് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് കാനഡ മുന്നറിയിപ്പ് നല്‍കുന്നു.
സമ്പദ്വ്യവസ്ഥയുടെ തന്ത്രപ്രധാന മേഖലകളില്‍ പങ്കുവഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരെ ആശ്രയിക്കുന്ന സമൂഹങ്ങള്‍ക്കും പുതിയ നടപടികള്‍ അനിശ്ചിതത്വം സൃഷ്ടിച്ചുവെന്ന് കോളജസ് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് കാനഡയുടെ മക്ഡൊണാള്‍ഡ് വിശ്വസിക്കുന്നു.
ഓംനിക്കായി ലെഗര്‍ അഭിമുഖം നടത്തിയ നാലു കുടിയേറ്റക്കാരില്‍ ഒരാള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥി പദ്ധതിയിലെ ദുരുപയോഗം തടയാന്‍ പുതിയ നിയമങ്ങള്‍ മതിയാകുമെന്ന് കരുതുന്നു. പ്രായം കുറവുള്ളവരാണ് ഇത്തരത്തില്‍ വിശ്വസിക്കുന്നവരില്‍ കൂടുതല്‍ പേരും.
എങ്കിലും യോന്നേ സു പ്രശ്‌നത്തിന്റെ വംശീയ മാനം ഉയര്‍ത്തിക്കാട്ടുന്നു. അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികള്‍ക്ക് ചുറ്റുമുള്ള കുറ്റപ്പെടുത്തല്‍ യഥാര്‍ഥ ജീവിത പ്രത്യാഘാതങ്ങളെക്കുറിച്ച് സത്യസന്ധമായ ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്യുന്നു. ഒരു പരിധിവരെ കാനഡ വിദ്യാര്‍ഥികളെ ഇങ്ങോട്ട് ക്ഷണിച്ചുവെന്നും സ്ഥിരതാമസത്തിന്റെ കഥകള്‍ പറയുകയും ജോലി ചെയ്യാനും ധാരാളം പണം സമ്പാദിക്കാനും കഴിയുന്ന കഥകള്‍ പറഞ്ഞപ്പോഴും ബുദ്ധിമുട്ട് വിശദീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വംശീയതയും വിദേശീയ വിദ്വേഷവും വിശദീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ കാനഡയില്‍ ജനിച്ചിട്ടില്ലാത്ത 1500 പ്രതികരണക്കാരെ ക്രമരഹിതമായി തെരഞ്ഞെടുത്ത് ഓഗസ്റ്റ് 28നും സെപ്റ്റംബര്‍ 9നും ഇടയിലാണ് ഓംനി ലെഗര്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തിയത്.