ബര്‍ലിന്‍: ജര്‍മനിയില്‍ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടു മരണം. കിഴക്കന്‍ നഗരമായ മക്‌ഡെബര്‍ഗില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ നടന്ന സംഭവത്തില്‍ അറുപതു പേര്‍ക്ക് പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഒരു കുട്ടിയുമുള്ളതായാണ് വിവരം. കാര്‍ ആള്‍കൂട്ടത്തിനിടയിലൂടെ നാനൂറ് മീറ്ററോളം ഓടിയതാണ് അപകടത്തിന്റെ ഗുരുതരാവസ്ഥ വര്‍ധിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവറായ സൗദി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്‍പതു വയസുള്ള ഇയാള്‍ 2006 മുതല്‍ ജര്‍മനിയില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കാറില്‍ സ്‌ഫോടക വസ്തുക്കളുണ്ടെന്നു സംശയം പ്രകടിപ്പിച്ച അധികൃതര്‍ ഭീകരാക്രമണം ആണോയെന്നും അന്വേഷിക്കുന്നുണ്ട്.
ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും നടന്നത് ആക്രമണമാണെന്നു കരുതുന്നതായും പ്രദേശിക സര്‍ക്കാര്‍ വക്താവ് മത്തിയാസ് ഷുപ്പെയും നഗര വക്താവ് മൈക്കല്‍ റീഫും പറഞ്ഞു. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇന്ന് മക്‌ഡെബര്‍ഗ് സന്ദര്‍ശിക്കും. മക്‌ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഉടന്‍ രാജിവയ്ക്കണമെന്ന് ഇലോണ്‍ മസ്‌ക് എക്‌സിലൂടെ ആവശ്യപ്പെട്ടു.
2016 ഡിസംബര്‍ 19 ന് ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഇറ്റലിയില്‍ വെടിവയ്പ്പില്‍ ആക്രമണകാരിയെ കൊലപ്പെടുത്തി. അതിന്റെ എട്ടാം വാര്‍ഷികത്തിന്റെ പിറ്റേന്നാണ് വീണ്ടും സമാനമായ സംഭവം
ജര്‍മനിയിലെ ക്രിസ്മസ് ചന്തയിലേക്ക് സൗദി പൗരന്‍ കാര്‍ ഓടിച്ചുകയറ്റി; രണ്ടു മരണം; 60 പേര്‍ക്ക് പരിക്ക്