പാകിസ്താനും ബംഗ്ലാദേശും ബന്ധം ശക്തിപ്പെടുത്തുന്നു

പാകിസ്താനും ബംഗ്ലാദേശും ബന്ധം ശക്തിപ്പെടുത്തുന്നു


കെയ്‌റോ: പാകിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ബംഗ്ലാദേശ്. ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നത്. ഇന്ത്യയുമായി ബംഗ്ലാദേശിന്റെ ബന്ധത്തിലുണ്ടായ വിള്ളലാണ് പാകിസ്താനുമായി അടുക്കാന്‍ വഴി തുറക്കുന്നത്. 

1971-ലാണ് പാകിസ്താന്റെ ഒരു ഭാഗം ബംഗ്ലാദേശായി പിളര്‍ന്നത്. പിന്നീടവര്‍ പാകിസ്താന്റെ ബദ്ധവൈരിയായ ഇന്ത്യയുമായി അടുക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന വിദ്യാര്‍ഥി വിപ്ലവത്തില്‍ ഇന്ത്യയുടെ പിന്തുണയുള്ള ഷെയ്ഖ് ഹസീനയെ താഴെയിറക്കിയതിനെത്തുടര്‍ന്ന് ഡല്‍ഹിയുമായുള്ള ധാക്കയുടെ ബന്ധം തകരുകയായിരുന്നു. 1971-ലെ ധാക്കയെ ഇസ്ലാമാബാദില്‍ നിന്ന് രക്തരൂക്ഷിതമായ വേര്‍പിരിയലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഈജിപ്തിലെ ഒരു സമ്മേളനത്തോടനുബന്ധിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ കണ്ട യൂനുസ് പറഞ്ഞു.

എട്ട് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ ഡി-8 ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോപ്പറേഷന്റെ കയ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു നേതാക്കള്‍.

''പ്രശ്നങ്ങള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു,'' യൂനുസ് ഷെരീഫിനോട് പറഞ്ഞു. 'നമുക്ക് മുന്നോട്ട് പോകാന്‍ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.'

യൂനുസുമായി ഊഷ്മളവും സൗഹാര്‍ദ്ദപരവുമായ ആശയവിനിമയം നടത്തിയെന്ന് ഷരീഫ് പറഞ്ഞു.

ഉഭയകക്ഷി, ബഹുമുഖ സഹകരണം ശക്തമാക്കാന്‍ ചര്‍ച്ച നടത്തിയതായി അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സില്‍ പറഞ്ഞു.

വ്യാപാരം, വാണിജ്യം, കായിക സാംസ്‌കാരിക പ്രതിനിധികളുടെ കൈമാറ്റം എന്നിവയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇരുവരും സംസാരിച്ചതായി യൂനസിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

ദശാബ്ദങ്ങള്‍ക്ക് ശേഷം നവംബറില്‍ പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശിലേക്ക് എത്തിയ കണ്ടയ്‌നറുകള്‍ ചിറ്റഗോംഗ് തുറമുഖത്ത് ഇറക്കി.

ഇസ്ലാമാബാദും ന്യൂഡല്‍ഹിയും തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഏറെക്കുറെ സ്തംഭിച്ച എട്ട് രാജ്യങ്ങളുടെ സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോപ്പറേഷന്‍ (സാര്‍ക്ക്) പുനരുജ്ജീവിപ്പിക്കാന്‍ താന്‍ തീരുമാനിച്ചതായി യൂനുസ് പറഞ്ഞു. അതിനാണ് പ്രഥമ പരിഗണനയെന്ന് യൂനുസ് ഷരീഫിനോട് പറഞ്ഞു. ഒരു ഫോട്ടോ സെഷനു വേണ്ടി മാത്രമാണെങ്കില്‍ പോലും സാര്‍ക്ക് നേതാക്കളുടെ ഉച്ചകോടി നടത്തണമെന്നും അത് ശക്തമായ സന്ദേശം നല്‍കുമെന്നും യൂനസ് പറഞ്ഞു.