ന്യൂഡല്‍ഹി : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) എല്ലാ മേഖലയിലും
വ്യാപകമാകുന്നതോടെ നിലവിലെ തൊഴിലുകള്‍ നഷ്ടപ്പെടുമെന്ന ആശങ്ക വ്യാപകമാണ്.
എന്നാല്‍ ഈ ആശങ്കകളില്‍ കഴമ്പില്ലെന്നാണ് ഒരു പഠന റിപ്പോര്‍ട്ട്
വെളിപ്പെടുത്തുന്നത്.
അടുത്ത രണ്ട് വര്‍ഷംകൊണ്ട് എ.ഐ രാജ്യത്ത്
സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളുടെ എണ്ണം 2.3 ദശലക്ഷം കടക്കുമെന്ന്
റിപ്പോര്‍ട്ട്. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന പല ജോലികളും എ.ഐ
ഇന്റഗ്രേഷനിലേക്ക് മാറുമെന്നും കാലത്തിനനുസൃതമായി പുതിയ നൈപുണികള്‍
സ്വായത്തമാക്കാന്‍ തയാറാകുന്നവര്‍ക്ക് ഈ അവസരം
പ്രയോജനപ്പെടുത്താനാകുമെന്നും ബെയിന്‍ ആന്‍ഡ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍
പറയുന്നു.
ആഗോളതലത്തില്‍തന്നെ എ.ഐ ടാലന്റ് ഹബ്ബാകാനുള്ള എല്ലാ
സാധ്യതയും ഇന്ത്യക്കുണ്ട്. എന്നാല്‍ 2027ഓടെ ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങള്‍
ഈ രംഗത്തെ വിദഗ്ധരേക്കാള്‍ രണ്ടിരട്ടി വരെ കൂടുതലായിരിക്കും. പുതിയതായി
അവതരിപ്പിക്കപ്പെടുന്ന സാങ്കേതികവിദ്യകളും ടൂളുകളും കൂടുതല്‍ പേര്‍
പഠിച്ചെടുക്കുകയെന്നതാണ് ഈ വിടവ് നികത്താനുള്ള മാര്‍ഗമെന്നും
റിപ്പോര്‍ട്ടില്‍ പറയുന്നു.
പരമ്പരാഗത രീതിയിലല്ല കമ്പനികള്‍ ഇനി
റിക്രൂട്ട്‌മെന്റ് നടത്തേണ്ടത്. അപ്‌സ്‌കില്ലിങിന് പ്രാധാന്യം നല്‍കണം.
2019നു ശേഷം എ.ഐ അനുബന്ധ മേഖലയിലെ തൊഴില്‍ ഓരോവര്‍ഷവും 21 ശതമാനമാണ്
കൂടുന്നത്. പ്രതിഫലമാകട്ടെ 11 ശതമാനവും വര്‍ധിക്കുന്നു. പലപ്പോഴും മതിയായ
യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. ഇതുമൂലം പല
കമ്പനികള്‍ക്കും എ.ഐ ഇന്റഗ്രേഷന്‍ പൂര്‍ണതോതില്‍ നടത്താനും
സാധിച്ചിട്ടില്ല. ഇന്ത്യക്ക് പുറമെ യു.എസ്, ജര്‍മനി, യു.കെ, ആസ്‌ട്രേലിയ
തുടങ്ങിയ രാജ്യങ്ങളിലെല്ലാം എ.ഐ അധിഷ്ഠിത തൊഴില്‍രംഗത്ത് കൂടുതല്‍ അവസരം
വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എഐ തൊഴില്‍ നഷ്ടപ്പെടുത്തില്ല; അടുത്ത രണ്ട് വര്‍ഷംകൊണ്ട് രാജ്യത്ത് 2.3 ദശലക്ഷം അവസരങ്ങള്‍ സൃഷ്ടിക്കും
