ദലൈലാമ ടിബറ്റന്‍ ജനതയെ പ്രതിനിധീകരിക്കേണ്ടെന്ന് ചൈന

ദലൈലാമ ടിബറ്റന്‍ ജനതയെ പ്രതിനിധീകരിക്കേണ്ടെന്ന് ചൈന


ബീജിംഗ്: ടിബറ്റന്‍ ബുദ്ധിസത്തിന്റെ അടുത്ത ആത്മീയ നേതാവ് ചൈനയ്ക്ക് പുറത്ത് ജനിക്കുമെന്ന ദലൈലാമയുടെ പുതിയ പുസ്തകം 'വോയ്സ് ഫോര്‍ ദി വോയ്സ്ലെസ്' ലെ അവകാശവാദത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ദലൈലാമ രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ടിബറ്റന്‍ ജനതയെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും ദലൈലാമ ഉള്‍പ്പെടെയുള്ള ബുദ്ധന്റെ പുനര്‍ജന്മങ്ങള്‍ രാജ്യത്തിന്റെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

പുസ്തകത്തെക്കുറിച്ച് ഒരു വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ദലൈലാമ 'മതത്തിന്റെ മറവില്‍ ചൈന വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രവാസി'യാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ദലൈലാമയുടെ അഭിപ്രായങ്ങള്‍ ടിബറ്റിലോ അതിന്റെ വികസനത്തിലോ ഉള്ള തങ്ങളുടെ നിലപാടുകളെ സ്വാധീനിക്കില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ആത്മീയ നേതാവിനെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുമെന്ന് ബീജിംഗ് വാദിക്കുന്നു. എന്നാല്‍ ചൈന തെഞ്ഞെടുക്കുന്ന ഏതൊരു പിന്‍ഗാമിയെയും ടിബറ്റന്‍ ജനത ബഹുമാനിക്കില്ലെന്ന് ദലൈലാമ വ്യക്തമാക്കി.

സ്വന്തം മാതൃരാജ്യത്തിന്റെ സംരക്ഷകരാകാനുള്ള ടിബറ്റന്‍ ജനതയുടെ അവകാശം അനിശ്ചിതമായി നിഷേധിക്കാനാവില്ലെന്നും അടിച്ചമര്‍ത്തലിലൂടെ അവരുടെ സ്വാതന്ത്ര്യത്തിനായുള്ള അഭിലാഷത്തെ എന്നെന്നേക്കുമായി തകര്‍ക്കാനും കഴിയില്ലെന്നും ദലൈലാമ പുസ്തകത്തില്‍ എഴുതിയതായി റോയിട്ടേഴ്‌സ് ഉദ്ധരിച്ചു.