കസേര കൈയ്യിലേന്തി നാക്ക് പുറത്തുനീട്ടി കനേഡിയൻ പാർലമെന്റിൽ നിന്നിറങ്ങുന്ന ട്രൂഡോയുടെ ചിത്രം വൈറൽ

കസേര കൈയ്യിലേന്തി നാക്ക് പുറത്തുനീട്ടി കനേഡിയൻ പാർലമെന്റിൽ നിന്നിറങ്ങുന്ന ട്രൂഡോയുടെ ചിത്രം വൈറൽ


കാനഡ: പ്രധാന മന്ത്രി പദവിയിൽ നിന്ന് രാജിവച്ച ശേഷം നാടകീയ ഭാവങ്ങളോടെ പാർലമെന്റിൽ നിന്ന് പുറത്തേക്ക്  വരുന്ന ജസ്റ്റിൻ ട്രൂഡോയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കസേരയും കൈയ്യിൽ പിടിച്ച് നാക്ക് പുറത്തേക്ക് തള്ളി പാർലമന്റെിന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

കനേഡിയൻ പാർലമെന്റിന്റെ പാരമ്പര്യമനുസരിച്ച് നിയമ സഭാംങ്ങൾക്ക് പദവിയൊഴിഞ്ഞ് പുറത്തു പോകുമ്പോൾ അവരുടെ കസേര കൂടി ഒപ്പം കൊണ്ടു പോകാൻ അനുവാദമുണ്ട്. വരാനിരിക്കുന്ന മറ്റൊരു തിരഞ്ഞെടുപ്പിന്റെ സൂചനയാവാം ട്രൂഡോയുടെ ഈ പ്രവൃത്തിയെന്ന് ടൊറാന്റോ സണ്ണിന്റെ പൊളിറ്റിക്കൽ കോളമിസ്റ്റായ ബ്രയാൻ ലില്ലി സാമൂഹ്യ മാധ്യമമായ എക്‌സിൽ കുറിച്ചു.

എന്തായാലും ട്രൂഡോയുടെ തമാശ വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി കാഴ്ചക്കാരാണുള്ളത്. ലിബറൽ ലീഡർഷിപ്പ് കൺവെൻഷനിലെ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പാർട്ടിയുടെ നേട്ടങ്ങൾ ട്രൂഡോ എടുത്തു പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തെ ഭരണകാലയളവിൽ മധ്യ വർഗത്തിനുവേണ്ടി താൻ ചെയ്ത പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്ന് പറഞ്ഞ അദ്ദേഹം കാനഡയ്ക്കു വേണ്ടി പോരാടാൻ അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

കാനഡയിലെ ജീവിതച്ചെലവുകൾ വർധിക്കുന്നതിനെതിരെ നിരന്തരം വിമർശനങ്ങൾ നേരിടുന്നതിനിടെ ജനുവരി ആറിനാണ് ട്രൂഡോ രാജി വയ്ക്കുന്നത്. ട്രൂഡോയുടെ പിൻഗാമിയായ മാർക്ക് കാർനി ഞായറാഴ്ച ലിബറൽ പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

കസേര കൈയ്യിലേന്തി നാക്ക് പുറത്തുനീട്ടി കനേഡിയൻ പാർലമെന്റിൽ നിന്നിറങ്ങുന്ന ട്രൂഡോയുടെ ചിത്രം വൈറൽ