പലസ്തീൻ വിദ്യാർഥിയെ നാടുകടത്താനുള്ള നീക്കം യു.എസ് കോടതി താൽക്കാലികമായി തടഞ്ഞു

പലസ്തീൻ വിദ്യാർഥിയെ നാടുകടത്താനുള്ള നീക്കം യു.എസ് കോടതി താൽക്കാലികമായി തടഞ്ഞു


വാഷിംഗ്ടൺ: കൊളംബിയ യൂനിവേഴ്‌സിറ്റിയിൽ പലസ്തീൻ അനുകൂല പ്രതിഷേധ റാലിക്ക് നേതൃത്വം നൽകിയ വിദ്യാർഥിയെ നാടുകടത്താനുള്ള നീക്കം യു.എസ് കോടതി താൽക്കാലികമായി തടഞ്ഞു.

ബിരുദാനന്തര ബിരുദ വിദ്യാർഥിയായ മഹമൂദ് ഖലീലിനെ നാടുകടത്താനുള്ള നടപടിയാണ് ന്യൂയോർക്കിലെ ഫെഡറൽ കോടതി ജഡ്ജി തടഞ്ഞത്. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ഖലീലിനെ രാജ്യത്തുനിന്ന് പുറത്താക്കരുതെന്നാണ് ഉത്തരവിട്ടത്. അതേസമയം, ലൂസിയാനയിലെ ജെന തടങ്കൽ കേന്ദ്രത്തിൽ കഴിയുന്ന ഖലീൽ ബുധനാഴ്ച കോടതിയിൽ ഹാജരാകുമോയെന്ന കാര്യം വ്യക്തമല്ല.

കഴിഞ്ഞ ദിവസം യു.എസ് ഇമിഗ്രേഷൻ, കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) ഏജന്റുമാരാണ് ഖലീലീനെ അറസ്റ്റ് ചെയ്തത്. അതിനിടെ, ഖലീലിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനുപേർ ന്യൂയോർക്കിലും വാഷിംഗ്ടണിലും പ്രതിഷേധ പ്രകടനം നടത്തി.