ന്യൂഡൽഹി: യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇന്ത്യൻ അമേരിക്കക്കാരിയായ ഭാര്യ ഉഷ വാൻസിനൊപ്പം ഈ മാസം ഇന്ത്യ സന്ദർശിക്കുമെന്ന് അമേരിക്കൻ മാധ്യമമായ പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു.
ഔദ്യോഗിക പദവിയിലെത്തിയ ശേഷം വാൻസിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര സന്ദർശനമാണിത്. അടുത്തിടെ ഫ്രാൻസും ജർമനിയും അദ്ദേഹം സന്ദർശിച്ചിരുന്നു. തന്റെ ആദ്യ വിദേശ സന്ദർശനത്തിൽ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ വച്ച് അനധികൃത കുടിയേറ്റം, മതസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ യുറോപ്യൻ ഗവൺമെന്റിന്റെ സമീപനങ്ങളെ നിശിതമായി വാൻസ് വിമർശിച്ചിരുന്നു.
ഫെബ്രുവരിയിൽ പാരീസിൽ നടന്ന കൂടിക്കാഴ്ചയിൽ അമേരിക്കൻ ആണവ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയുടെ ഊർജ മേഖല വൈവിധ്യവത്കരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ത്യയും യു.എസും പരസ്പരം താൽപര്യം പ്രകടിപ്പിച്ചിരുന്നു.
വാൻസിന്റെ ഇന്ത്യാ സന്ദർശനത്തിന് നയതന്ത്രപരവും വ്യക്തിപരവുമായ പ്രാധാന്യമുണ്ട്. വ്യപാരം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ അടുത്തിടെ ഇന്ത്യ-യു.എസ് ബന്ധം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആഗോള വെല്ലുവിളികൾ വർധിക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുരക്ഷാ സാങ്കേതിക മേഖലകളിൽ നിർണായകമാവും.
ട്രംപിന്റെ ആദ്യ ടേമിൽ മോഡിയുമായി നല്ല ബന്ധമാണ് നിലനിന്നിരുന്നതെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ വ്യാപാര നയങ്ങളെ വിമർശിച്ചതിനെ തുടർന്നാണ് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത്.
യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും ഭാര്യ ഉഷയും ഈ മാസം ഇന്ത്യ സന്ദർശിക്കും
