സിബി: ബലൂചിസ്ഥാനിലെ വിദൂര അതിര്‍ത്തി ജില്ലയില്‍ ആയുധധാരികള്‍ ബന്ദികളാക്കിയ 190 ട്രെയിന്‍ യാത്രക്കാരെ സൈന്യം മോചിപ്പിച്ചതായി പാകിസ്ഥാന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ടാണ് വിഘടനവാദി സംഘം ട്രെയിന്‍ പിടിച്ചെടുത്തത്. ആ സമയത്ത് 450-ലധികം യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു. ഇതുവരെ 190 യാത്രക്കാരെ രക്ഷപ്പെടുത്തിയതായും 30 വിഘടനവാദികളെ കൊലപ്പെടുത്തിയതായും സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
ശേഷിക്കുന്ന വിഘടനവാദികളെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനം തുടരുന്നുവെന്നും വൃത്തങ്ങള്‍ പറഞ്ഞു.
പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു എ എഫ്പി ഫോട്ടോഗ്രാഫര്‍ ബുധനാഴ്ച 140ഓളം ഒഴിഞ്ഞ ശവപ്പെട്ടികള്‍ ട്രെയിനില്‍ സംഭവസ്ഥലത്തേക്ക് കൊണ്ടുപോകുന്നത് കണ്ടതായി റിപ്പോര്‍ട്ട് ചെയ്തു.
ബലൂച് ലിബറേഷന്‍ ആര്‍മി (ബി എല്‍ എ) തങഅഹളാണ് ട്രെയിന്‍ തടയല്‍ ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടു. ട്രാക്കില്‍ സ്‌ഫോടനം നടന്നതിന്റെയും തുടര്‍ന്ന് പര്‍വതങ്ങളിലെ ഒളിത്താവളങ്ങളില്‍ നിന്ന് ഡസന്‍ കണക്കിന് വിഘടനവാദികള്‍ പുറത്തുവന്ന് വണ്ടികളിലേക്ക് ഇരച്ചുകയറുന്നതിന്റെയും വീഡിയോയും അവര്‍ പുറത്തുവിട്ടു.
അഫ്ഗാനിസ്ഥാനും ഇറാനും അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാനില്‍ പുറത്തുനിന്നുളളവര്‍ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ചതായി ആരോപിക്കുന്ന വിഘടനവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ധിച്ചിട്ടുണ്ട്.
പാരാമെഡിക്കല്‍ നസിം ഫാറൂഖും റെയില്‍വേ ഉദ്യോഗസ്ഥന്‍ മുഹമ്മദ് അസ്ലമും പറയുന്നതനുസരിച്ച് ലോക്കോ പൈലറ്റ്, പൊലീസ് ഉദ്യോഗസ്ഥന്‍, ഒരു സൈനികന്‍ എന്നിങ്ങനെ മൂന്ന് പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.