ജാഫര്‍ എക്‌സ്പ്രസ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി

ജാഫര്‍ എക്‌സ്പ്രസ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി


ക്വറ്റ: ട്രെയിന്‍ റാഞ്ചി ഒരു ദിവസത്തിന് ശേഷം പാകിസ്താന്‍ അധികൃതര്‍ മുഴുവന്‍ വിഘടനവാദികളേയും വധിച്ച് ജാഫര്‍ എക്‌സ്പ്രസും ബന്ദികളേയും തിരികെപ്പിടിച്ചു. ബലൂച് ലിബറേഷന്‍ ആര്‍മി (ബി എല്‍ എ)യാണ് ജാഫര്‍ എക്‌സ്പ്രസ് ഹൈജാക്ക് ചെയ്ത് 450 ലധികം യാത്രക്കാരെ ബന്ദികളാക്കിയത്. സൈനിക ഓപ്പറേഷനില്‍ 33 ബലൂച് തീവ്രവാദികളും കൊല്ലപ്പെട്ടതായും അധികൃതര്‍ സ്ഥിരീകരിച്ചു.

ഓപ്പറേഷനില്‍ 21 സാധാരണക്കാരും നാല് ഫ്രോണ്ടിയര്‍ കോര്‍പ്‌സ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി പാക് സൈനിക വക്താവ് പറഞ്ഞു. എന്നാല്‍ മരിച്ചവരുടെ വിശദാംശങ്ങള്‍ വെൡപ്പെടുത്തിയിട്ടില്ല. 

തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോളന്‍ പാസിലാണ് ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ ആക്രമിക്കുകയും യാത്രക്കാരെ ബന്ദികളാക്കുകയും  ചെയ്തത്. വിഘടനവാദികള്‍ റെയില്‍വേ ട്രാക്കില്‍  ബോംബെറിഞ്ഞാണ് 450 യാത്രക്കാരുമായി പോവുകയായിരുന്ന ട്രയിന്‍ തടഞ്ഞ് റാഞ്ചുകയായിരുന്നു. 

ബന്ദികളെ ഘട്ടംഘട്ടമായി രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് മോചിപ്പിച്ചത്. ഇന്നലെ വൈകുന്നേരം ഏകദേശം 100 യാത്രക്കാരെ രക്ഷപ്പെടുത്തിയതായി പാക് സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് പറഞ്ഞു. തീവ്രവാദികള്‍ യാത്രക്കാരെ മനുഷ്യ കവചമായി ഉപയോഗിക്കുകയായിരുന്നു.

ഇന്നലെ ട്രെയിനിലുണ്ടായിരുന്ന 440 പേരില്‍ 346 യാത്രക്കാരെയാണ് പാകിസ്ഥാന്‍ അധികൃതര്‍ രക്ഷപ്പെടുത്തിയത്.

ബലൂച് രാഷ്ട്രീയ തടവുകാരെയും  ആക്ടിവിസ്റ്റുകളെയും പാകിസ്ഥാന്‍ സൈന്യം തട്ടിക്കൊണ്ടുപോയി കാണാതായവരെയും മോചിപ്പിച്ചില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്ന് പറഞ്ഞ ബി എല്‍ എ 48 മണിക്കൂറാണ് സമയപരിധി നല്‍കിയത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ അപലപിച്ചു, സുരക്ഷാ ഉദ്യോഗസ്ഥര്‍ തീവ്രവാദികളെ 'തുരത്തുകയാണെന്ന്' പറഞ്ഞു.

ജാഫര്‍ എക്‌സ്പ്രസ് ഹൈജാക്ക് ചെയ്തതിനെ പാകിസ്ഥാന്റെ ക്രമസമാധാനം തകര്‍ക്കാന്‍ കഴിയാത്ത 'ഭീരുത്വം നിറഞ്ഞ പ്രവൃത്തി' എന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വിശേഷിപ്പിച്ചു.

അതേസമയം, ആക്രമണത്തെ അപലപിച്ച പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി നിരപരാധികളായ യാത്രക്കാരെ ലക്ഷ്യമിട്ട തീവ്രവാദികളെ 'മൃഗങ്ങള്‍' എന്ന് വിളിച്ചു.