ട്രംപിന്റെ കത്ത് യു എ ഇ ഇറാന് കൈമാറി

ട്രംപിന്റെ കത്ത് യു എ ഇ ഇറാന് കൈമാറി


ടെഹ്‌റാന്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് വഴി തങ്ങള്‍ക്ക് ലഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. 

ട്രംപിന്റെ കത്ത് ഒരു അറബ് ഇടനിലക്കാരന്‍ ടെഹ്റാനില്‍ എത്തിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു. 

അബുദാബിയില്‍ ഉണ്ടായിരുന്ന ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ആണ് ഗര്‍ഗാഷിന് കത്ത് നല്‍കിയതെന്നാണ് റിപ്പോര്‍്ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗര്‍ഗാഷ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ കണ്ടതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. എന്നാല്‍ അവരുടെ കൂടിക്കാഴ്ചയെ കുറിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. 

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ രാജ്യത്തെ പ്രേരിപ്പിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ഒരു കത്ത് അയച്ചതായി ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

ചര്‍ച്ച നടത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കാരണം സൈനികമായി പോകേണ്ടിവന്നാല്‍ അത് ഭയാനകമായ കാര്യമായിരിക്കുമെന്നും  നിങ്ങള്‍ക്ക് അവരെ ആണവായുധം കൈവശം വയ്ക്കാന്‍ അനുവദിക്കാനാവില്ലെന്നും ്ട്രംപ് കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇറാന്റെ ദൗത്യസംഘത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തത് അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്നാണ്. 

ട്രംപ് തന്റെ കത്തെക്കുറിച്ച് അറിയിച്ച് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുന്ന ശക്തികളുമായി ഇറാന്‍ ചര്‍ച്ച നടത്തില്ലെന്നാണ് ഖമേനി ഒരു പ്രസംഗത്തില്‍ പറഞ്ഞത്. 

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ രഹസ്യ യോഗത്തിന് അഭ്യര്‍ഥിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. തികച്ചും പുതിയ നടപടിക്രമമാണ് ഇതെന്നും ആയതിനാല്‍ ആശ്ചര്യമുണ്ടാക്കുന്നതായും യോഗം ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ ശൈലി ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

ടെഹ്റാന്റെ ആണവ പദ്ധതി ആയുധ- ഗ്രേഡ് യുറേനിയത്തിന് അടുത്തായതിനാല്‍ ഫ്രാന്‍സ്, ഗ്രീസ്, പനാമ, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, യു എസ് എന്നീ രാജ്യങ്ങളാണ് യോഗം അഭ്യര്‍ഥിച്ചത്.

ആണവ വിഷയത്തില്‍ തുല്യ സ്ഥാനത്ത് നിന്ന് ചര്‍ച്ച നടത്താന്‍ തങ്ങള്‍ എപ്പോഴും തയ്യാറാണെന്നും നേരത്തെയും ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അരാഗ്ചി വെളിപ്പെടുത്തി. 

ഓവല്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ വരാനിരിക്കുന്നതില്‍ ചില രസകരമായ ദിവസങ്ങള്‍ ഉണ്ടാകുമെന്നും അത്രയേ എനിക്ക് നിങ്ങളോട് പറയാന്‍ കഴിയൂ എന്നും ട്രംപ് പറഞ്ഞു. അദ്ദേഹം പ്രത്യേക വിശദാംശങ്ങള്‍ നല്‍കിയില്ല.

ഇറാനുമായുള്ള അവസാന പോരാട്ടത്തിലേക്കാണ് തങ്ങള്‍ എത്തുന്നതെന്നും അത് രസകരമായിരിക്കുമെന്നും എന്താണ് സംഭവിക്കുന്നതെന്ന് കാണാമെന്നും ട്രംപ് പറഞ്ഞു.