യു എസിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ പണം തട്ടാന്‍ വ്യാജ ഫോണ്‍ കോളുകള്‍

യു എസിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ പണം തട്ടാന്‍ വ്യാജ ഫോണ്‍ കോളുകള്‍


ന്യൂയോര്‍ക്ക്: യു എസിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ ഫോണ്‍ കോളുകള്‍ വരുന്നത് വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ്. പാസ്‌പോര്‍ട്ടിലും വിസ രേഖകളിലുമുള്ള തെറ്റ് തിരുത്താന്‍ പണം ആവശ്യപ്പെട്ടു കൊണ്ടാണ് യു എസിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജഫോണ്‍ കോളുകള്‍ ലഭിക്കുന്നത്. 

ഇത്തരം കോളുകള്‍ വിശ്വസിക്കരുതെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എംബസിയുടെ ഫോണ്‍ നമ്പറിനു സമാനമായ നമ്പര്‍ ഉപയോഗിച്ചോ എംബസിയില്‍ നിന്നാണെന്ന് അവകാശപ്പെട്ടോ ആണ് പണം തട്ടാന്‍ ശ്രമം നടക്കുന്നത്. രേഖകളില്‍ തെറ്റുണ്ടെന്നും തിരുത്തിയില്ലെങ്കില്‍ നാടു കടത്തുമെന്നും തടവിലാക്കുമെന്നും പറഞ്ഞ് പരിഭ്രാന്തി പരത്തുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പണം ആവശ്യപ്പെടുകയാണ്. തട്ടിപ്പുകാര്‍ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഉള്‍പ്പെടെ വാങ്ങുന്നതായും പരാതിക്കാരില്‍ പലരും പറഞ്ഞു. 

പാസ്‌പോര്‍ട്ട്, വിസ, ഇമിഗ്രേഷന്‍ രേഖകളില്‍ ഏതെങ്കിലും വിധത്തിലുള്ള തിരുത്തലുകള്‍ ആവശ്യമെങ്കില്‍ @mea.gov.in എന്ന ഔദ്യോഗിക ഇമെയില്‍ വഴിയാണ് അപേക്ഷകരുമായി ആശയ വിനിമയം നടത്തുകയെന്ന് എംബസി വ്യക്തമാക്കി.

വ്യാജ കോളുകള്‍ വന്നാല്‍ പരിഭ്രാന്തരാകരുതെന്നും വ്യക്തിവിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ പങ്കു വയ്ക്കരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.