20.7 ബില്യന്‍ യു എസ് ഉത്പന്നങ്ങള്‍ക്ക് കാനഡയുടെ പ്രതികാര തീരുവ

20.7 ബില്യന്‍ യു എസ് ഉത്പന്നങ്ങള്‍ക്ക് കാനഡയുടെ പ്രതികാര തീരുവ


ടൊറന്റോ: കനേഡിയന്‍ സ്റ്റീലിനും അലുമിനിയത്തിനും യു എസ് തീരുവ ചുമത്തിയതിന് മറുപടിയായി 20.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് കാനഡ പുതിയ താരിഫ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രതികാര നടപടികള്‍ കമ്പ്യൂട്ടറുകളും സ്പോര്‍ട്സ് ഉപകരണങ്ങളും ഉള്‍പ്പെടെ നിരവധി ഉത്പന്നങ്ങളെയാണ് ലക്ഷ്യമിടുന്നത്.

ട്രംപിന്റെ താരിഫുകളോടുള്ള കാനഡയുടെ പ്രതികരണത്തിന് ആവശ്യപ്പെടുന്ന ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് നിയുക്ത പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിക്കാഴ്ച നടത്തി.

കാനഡയുടെ നിയുക്ത പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി ഗുണപ്രദവും ഫലപ്രദവുമായ കൂടിക്കാഴ്ച നടത്തിയതായും പ്രസിഡന്റ് ട്രംപിന്റെ ഭീഷണികള്‍ക്കെതിരെ ഉറച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചതായും സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കുള്ള യു എസ് തീരുവകള്‍ക്ക് മറുപടിയായി അധിക പ്രതികാര താരിഫുകള്‍ ഉള്‍പ്പെടെ ചര്‍ച്ച നടത്തിയതായും ഇത് അമേരിക്കന്‍ ബിസിനസുകള്‍ക്കും കുടുംബങ്ങള്‍ക്കും ചെലവ് വര്‍ധിപ്പിക്കുമെന്നും ഫോര്‍ഡ് പറഞ്ഞു.

ടീം കാനഡ വെല്ലുവിളി ഏറ്റെടുത്തുവെന്നും കനേഡിയന്‍ ജനതയുടെ ശക്തിയെയും പ്രതിരോധശേഷിയെയും ആരും ഒരിക്കലും കുറച്ചുകാണരുതെന്ന് തെളിയിച്ചതായും  മുമ്പെന്നത്തേക്കാളും ഒരുമിച്ച് കൂടുതല്‍ ഐക്യത്തോടെ നമുക്ക് ഇത് മറികടക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

യു എസ് സമ്മര്‍ദ്ദത്തെ ചെറുക്കാനുള്ള കാനഡയുടെ ദൃഢനിശ്ചയവും ഫോര്‍ഡ് സ്ഥിരീകരിച്ചു. താരിഫ് ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാകുന്നതുവരെ കാനഡ പിന്മാറില്ലെന്നു പറഞ്ഞ ഫോര്‍ഡ് യു എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കിനും ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക സംഘത്തിലെ അംഗങ്ങള്‍ക്കുമൊപ്പം ചര്‍ച്ച നടത്താന്‍ താന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു.

യു എസ്- മെക്‌സിക്കോ- കാനഡ കരാറിന്റെ (യു എസ് എം സി എ) ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറി ലുട്‌നിക് എത്തിയതായി ഫോര്‍ഡ് പറഞ്ഞു. യു എസിലേക്കുള്ള വൈദ്യുതി കയറ്റുമതിയില്‍ ഒന്റാറിയോയുടെ 25 ശതമാനം സര്‍ചാര്‍ജിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച.

വൈദ്യുതി കയറ്റുമതിയില്‍ ഒന്റാറിയോയുടെ 25 ശതമാനം സര്‍ചാര്‍ജിന്റെ ചെലവ് നേരിടേണ്ടി വന്നതോടെ യു എസ്- മെക്‌സിക്കോ- കാനഡ കരാറിന്റെ ഭാവിയെക്കുറിച്ച് സംഭാഷണം ആരംഭിക്കാന്‍ സെക്രട്ടറി ലുട്‌നിക് തയ്യാറായതായും വരും ആഴ്ചകളിലും മാസങ്ങളിലും ഇരു രാജ്യങ്ങള്‍ക്കും ന്യായമായ സ്വതന്ത്ര വ്യാപാര കരാറിനായി താന്‍ സെക്രട്ടറി ലുട്‌നിക്കുമായും ഫെഡറല്‍ പങ്കാളികളുമായും എല്ലാ പ്രധാനമന്ത്രിമാരുമായും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുമെന്നും ഫോര്‍ഡ് പറഞ്ഞു. 

അതിനിടെ അമേരിക്കയുടെ ഏറ്റവും പുതിയ ലോഹ താരിഫുകള്‍ക്ക് പ്രതികാരമായി യൂറോപ്യന്‍ യൂണിയന്‍ 28.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യു എസ് സാധനങ്ങള്‍ക്ക് പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചു.

20.7 ബില്യന്‍ യു എസ് ഉത്പന്നങ്ങള്‍ക്ക് കാനഡയുടെ പ്രതികാര തീരുവ