യു എസിലെ മദ്യത്തിന് ഇന്ത്യ ചുമത്തുന്നത് 150 ശതമാനം നികുതിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

യു എസിലെ മദ്യത്തിന് ഇന്ത്യ ചുമത്തുന്നത് 150 ശതമാനം നികുതിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി


വാഷിങ്ടണ്‍ ഡിസി: യു എസില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന മദ്യത്തിന് ഇന്ത്യയില്‍ 150 ശതമാനം നികുതി ചുമത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്. അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നത് 100 ശതമാനം നികുതിയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യു എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കും സമാനമായി വലിയ നികുതി ചുമത്താനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉദ്ദേശിക്കുന്നതെന്നും കരോലിന്‍ മുന്നറിയിപ്പ് നല്‍കി.

കെന്റക്കി ബോര്‍ബോണ്‍ പോലുള്ള അമേരിക്കന്‍ മദ്യം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ലാഭകരമല്ലാത്ത സ്ഥിതിയാണുള്ളത്. കാര്‍ഷിക ഉത്പന്നങ്ങളുടെ കാര്യവും അതുപോലെയാണെന്ന് കരോലിന്‍ പറഞ്ഞു.

മെക്‌സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളില്‍നിന്നു യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കു മേല്‍ പ്രതികാര നടപടിയെന്നോണം ട്രംപ് നികുതി വര്‍ധന നടപ്പാക്കിക്കഴിഞ്ഞു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി വരുകയാണ്.

യു എസ് ഉത്പന്നങ്ങള്‍ക്കു മേലുള്ള നികുതി കുറയ്ക്കാത്ത കൂടുതല്‍ രാജ്യങ്ങള്‍ക്കു മേല്‍ നികുതി വര്‍ധന നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ വര്‍ധിപ്പിച്ച നികുതി ഇനിയും കൂട്ടാനും ആലോചിക്കുന്നുണ്ട്.

ഉയര്‍ന്ന നികുതി നിരക്ക് കാരണം ഇന്ത്യയുമായുള്ള വ്യാപാരം ബുദ്ധിമുട്ടേറിയതാണെന്ന് ട്രംപ് തന്നെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.