സമാധാന പ്രതീക്ഷയോടെ യു.എസ് -യുക്രെയ്ൻ ചർച്ചകളുടെ ആദ്യ റൗണ്ട് ജിദ്ദയിൽ അവസാനിച്ചു

സമാധാന പ്രതീക്ഷയോടെ യു.എസ് -യുക്രെയ്ൻ ചർച്ചകളുടെ ആദ്യ റൗണ്ട് ജിദ്ദയിൽ അവസാനിച്ചു


ജിദ്ദ: യുക്രെയ്ൻ പ്രതിസന്ധിക്ക് പരിഹാരം തേടി സൗദി അറേബ്യയുടെ മുൻ തലസ്ഥാനമായ ജിദ്ദയിൽ നടത്തിയ യു.എസ്-യുക്രെയ്ൻ ചർച്ചകളുടെ ആദ്യ റൗണ്ട് പ്രതീക്ഷകൾ ബാക്കിയാക്കി അവസാനിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് മന്ത്രി ഡോ. മുസാഇദ് അൽഅയ്ബാന്റെയും സാന്നിധ്യത്തിലാണ് യു.എസ്, യുക്രെയ്ൻ ചർച്ച ആരംഭിച്ചത്.

യുക്രെയ്‌നിലെ പ്രതിസന്ധി പരിഹരിക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ചകൾ നടന്നത്. വിവിധ കക്ഷികളുമായുള്ള സന്തുലിത ബന്ധത്തിനും ആഗോള സുരക്ഷയും സമാധാനവും വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും വിശ്വാസവും അടിസ്ഥാനമാക്കിയായിരുന്നു ചർച്ച. അന്താരാഷ്ട്ര സുരക്ഷയും സ്ഥിരതയും ഉറപ്പിക്കുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനും വിജയകരമായ മാർഗമാണ് ചർച്ചകളെന്ന നിലപാടാണുള്ളത്.

ചർച്ചയിൽ അമേരിക്കൻ വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്‌സും അമേരിക്കൻ പക്ഷത്തെ പ്രതിനിധീകരിച്ചു.യുക്രെയ്ൻ പക്ഷത്തെ പ്രതിനിധീകരിച്ച് യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് ഡയറക്ടർ ആൻഡ്രി യെർമാക്, വിദേശകാര്യ മന്ത്രി ആൻഡ്രി സെഭ, യുക്രെയ്ൻ പ്രതിരോധമന്ത്രി റുസ്തം ഉമറോവ് എന്നിവർ പങ്കെടുത്തു.

ജിദ്ദയിൽ യുക്രെയ്ൻ പ്രതിനിധികളുമായുള്ള ചർച്ചകൾ നല്ല നിലയിൽ നടന്നതായി യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്‌സ് വ്യക്തമാക്കി.

ഫെബ്രുവരി 28ന് വൈറ്റ് ഹൗസിൽ നടന്ന ഞെട്ടിപ്പിക്കുന്ന വാക്ക് തർക്കത്തിനുശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട സംഭവമായാണ് സൗദിയിലെ യു.എസ്, യുക്രെയ്ൻ ചർച്ചകളെ ലോകം ഉറ്റുനോക്കിയത്. ട്രംപും സെലൻസ്‌കിയും വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചക്ക് രണ്ടാഴ്ചക്കുശേഷമാണ് യു.എസിൽനിന്നും യുക്രെയ്നിൽനിന്നുമുള്ള പ്രതിനിധികൾ ജിദ്ദയിൽ ചർച്ച ആരംഭിച്ചത്.

ഇതിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘവും തിങ്കളാഴ്ച വൈകീട്ട് ജിദ്ദയിലെത്തിയിരുന്നു. യുക്രെയ്ൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള സൗദിയുടെ തുടർച്ചയുടെ ഭാഗമായാണ് അമേരിക്കയും യുക്രെയ്നും തമ്മിൽ ഷെഡ്യൂൾ ചെയ്ത യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ മൂന്നുവർഷമായി ഇതുമായി ബന്ധപ്പെട്ട് നിരവധി മീറ്റിങ്ങുകൾ സൗദി നടത്തിയിട്ടുണ്ട്. ജിദ്ദയിൽ അമേരിക്കയും യുക്രെയ്‌നും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ആതിഥേയത്വം വഹിക്കുന്നതിനെ വിദേശകാര്യ മന്ത്രാലയം നേരത്തേ സ്വാഗതം ചെയ്തിട്ടുണ്ട്.

യു.എസ്, യുക്രെയ്ൻ ചർച്ച ആരംഭിക്കുന്നതിന് മുമ്പ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും യുക്രെയ്ൻ പ്രസിഡന്റും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനത്തിലെത്തുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദിയുടെ താൽപര്യവും പിന്തുണയും കിരീടാവകാശി ഊന്നിപ്പറഞ്ഞിരുന്നു.യുക്രെയ്നുമായുള്ള കൂടിക്കാഴ്ച നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യു. എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സൗദിയിലേക്കുള്ള യാത്രമധ്യേ പറഞ്ഞിരുന്നു.

ജിദ്ദയിലെ ചർച്ചയിൽ ഞങ്ങൾ ശുഭാപ്തി വിശ്വാസികളാണെന്നും ചർച്ചക്ക് ആതിഥേയത്വം വഹിച്ച സൗദിയോട് നന്ദിയുള്ളവരാണെന്നും സൂചിപ്പിച്ചിരുന്നു. നമുക്ക് യുക്രെയ്ൻ പ്രതിസന്ധിയിൽ ഒരു സന്ധിയിൽനിന്ന് ആരംഭിക്കാം. തുടർന്ന് ചർച്ചകളിലേക്ക് പോകാമെന്നും യുക്രെയ്നുമായുള്ള ചർച്ചകളിൽ ബ്രിട്ടനും ഫ്രാൻസും നല്ല പങ്കുവഹിച്ചതായും ഇരു കക്ഷികളുടെയും വിട്ടുവീഴ്ചയില്ലാതെ യുക്രെയ്‌നിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞിരുന്നു. ഡൊണാൾഡ് ട്രംപും സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് പ്രത്യേക തീയതിയില്ലെന്നും റൂബിയോ പറഞ്ഞു. അമേരിക്കൻ പങ്കാളികളുമായി പ്രവർത്തിക്കാൻ എന്റെ ടീം സൗദി അറേബ്യയിൽ തുടരുമെന്നും തന്റെ രാജ്യം സമാധാനം ആഗ്രഹിക്കുന്നുവെന്ന്  കിരീടാവകാശിയുമായുള്ള ചർച്ചക്ക് ശേഷം സെലൻസ്‌കി പറഞ്ഞിരുന്നു.

കിരീടാവകാശിയുമായുള്ള ചർച്ചക്ക് ശേഷം മൂന്ന് പേരടങ്ങുന്ന പ്രതിനിധി സംഘത്തെ യു.എസുമായുള്ള ചർച്ചക്ക് നിയോഗിച്ചാണ് സെലൻസ്‌കി സൗദിയിൽനിന്ന് മടങ്ങിയത്.