വാഷിംഗ്ടണ്‍: മൂന്ന് യു എസ് സംസ്ഥാനങ്ങളില്‍ വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കിയ കാനഡ സാമ്പത്തിക വില നല്‍കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. മിനസോട്ട, ന്യൂയോര്‍ക്ക്, മിഷിഗണ്‍ എന്നിവിടങ്ങളിലെ ഒന്നര ദശലക്ഷത്തോളം താമസക്കാര്‍ക്കാണ് ഒന്റാരിയോയുടെ 25 ശതമാനം വൈദ്യുത താരിഫ് ബാധിക്കുക.
ചെറിയ പ്രദേശത്തേക്ക് പോലും മറ്റൊരു രാജ്യം നമുക്ക് വൈദ്യുതി നല്‍കാന്‍ നമ്മുടെ രാജ്യം എന്തിനാണ് അനുവദിക്കുന്നതെന്നും ആരാണ് ഈ തീരുമാനങ്ങള്‍ എടുത്തതെന്നും അതെന്തിനാണെന്നും തന്റെ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ ചോദിച്ച ട്രംപ് നിരപരാധികളുടെ ജീവിതത്തെ ബാധിക്കുന്ന വൈദ്യുതി ഉപയോഗിക്കാന്‍ കാനഡ ഇത്രയും താഴ്ന്നത് വിലപേശലിനും ഭീഷണിപ്പെടുത്താനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്ര പുസ്തകങ്ങളില്‍ വര്‍ഷങ്ങളോളം വായിക്കപ്പെടുന്ന തരത്തില്‍ കാനഡ 'വലിയ വില' നല്‍കേണ്ടിവരുമെന്ന് ട്രംപ് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
നേരത്തെ ട്രംപ് മറ്റൊരു പോസ്റ്റില്‍ 'ഭീഷണി നേരിടുന്ന പ്രദേശത്ത്' ഉടന്‍ തന്നെ 'ദേശീയ വൈദ്യുതി അടിയന്തരാവസ്ഥ' പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു.
'ലോകത്തിലെവിടെയും ഏറ്റവും ഉയര്‍ന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിലൊന്ന്' എന്നാണ് ട്രംപ് കാനഡയെ വിശേഷിപ്പിച്ചത്.
ട്രംപ് ഇരട്ട താരിഫ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് താരിഫ് ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാകുന്നത് വരെ കാനഡ പിന്മാറില്ലെന്ന് വ്യക്തമാക്കിയത്.
പ്രസിഡന്റ് ട്രംപിന്റെ താരിഫുകള്‍ പ്രതിസന്ധികള്‍ സൃഷ്്ടിക്കുന്നതായും വിപണികള്‍ ഇടിയുന്നുവെന്നും അദ്ദേഹം തന്റെ താരിഫുകള്‍ ഉപേക്ഷിച്ച് ന്യായമായ വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ ചര്‍ച്ചയ്ക്ക് വരേണ്ടതുണ്ടെന്നും അതുവരെ തങ്ങള്‍ പിന്നോട്ട് പോകില്ലെന്നും ഫോര്‍ഡ് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.