റോം: ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലിരുന്ന ഫ്രാൻസിസ് മാർപാപ്പ അപകട നില തരണം ചെയ്തതായി റോമിലെ ജെമേലി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. എന്നിരുന്നാലും 88കാരനായ മാർപാപ്പ രോഗ മുക്തനായിട്ടില്ല.
അസുഖം പൂർണമായും ഭേദമാകാൻ കുറച്ചുദിവസംകൂടി ആശുപത്രിയിൽ തുടരേണ്ടി വരും. ഏതാണ്ട് ഒരു മാസമായി ചികിത്സയിലുള്ള മാർപാപ്പ സപ്ലിമെന്റൽ ഓക്‌സിജനും രാത്രി വെന്റിലേഷൻ മാസ്‌കിന്റെയും സഹായത്തോടെയാണ് ശ്വസിക്കുന്നത്. തിങ്കളാഴ്ച രാത്രി നന്നായി ഉറങ്ങിയതായും ചൊവ്വാഴ്ച രാവിലെ എട്ടിന് ഉണർന്നതായും വത്തിക്കാൻ അറിയിച്ചു.
ഞായറാഴ്ച ആരംഭിച്ച വത്തിക്കാൻ ഭരണകേന്ദ്രത്തിലെ ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തിൽ ആശുപത്രി മുറിയിലിരുന്ന് വിഡിയോ കോൺഫറൻസിലൂടെ അദ്ദേഹം പങ്കെടുത്തിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; അപകട നില തരണം ചെയ്തു
