യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസം: ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് മറുപടി നല്‍കി ഉത്തര കൊറിയ

യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസം: ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച്  മറുപടി നല്‍കി ഉത്തര കൊറിയ


സോള്‍: യു.എസുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസ പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചതിന് പിന്നാലെ കടലിലേക്ക് നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ ഹ്വാങ്‌ഹെ പ്രവിശ്യയില്‍നിന്നാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് കണ്ടെത്തിയതായി ദക്ഷിണ കൊറിയയുടെ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മേഖല സംഘര്‍ഷാവസ്ഥവയിലേക്ക് നീങ്ങുന്നതിനിടെ ഈ വര്‍ഷം ഉത്തര കൊറിയ നടത്തുന്ന അഞ്ചാമത്തെ മിസൈല്‍ വിക്ഷേപണമാണിത്. 11 ദിവസം നീണ്ടുനില്‍ക്കുന്ന യു.എസ്ദക്ഷിണ കൊറിയ സംയുക്ത വാര്‍ഷിക സൈനിക പരിശീലനമായ ഫ്രീഡം ഷീല്‍ഡിന് തിങ്കളാഴ്ചയാണ് തുടക്കം കുറിച്ചത്. കഴിഞ്ഞാഴ്ച ദക്ഷിണ കൊറിയന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ അഭ്യാസ പ്രകടനങ്ങള്‍ക്കിടെ അബദ്ധത്തില്‍ ബോംബിട്ടതിനാല്‍ 30 ഗ്രാമീണര്‍ക്ക് പരിക്കേറ്റിരുന്നു. സംയുക്ത പരിശീലനം പ്രകോപനപരമായ നീക്കമാണെന്നും മേഖലയെ ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും ഉത്തര കൊറിയ നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.