കൊച്ചി: കാസര്‍ഗോഡ് പൈവളിഗെയില്‍ പതിനഞ്ചുകാരിയേയും അയല്‍വാസിയായ 40 കാരനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. അന്വേഷണത്തേക്കുറിച്ചുള്ള സമഗ്ര റിപ്പോര്‍ട്ടാണ് കോടതി ആവശ്യപ്പെട്ടത്. കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മനസിലായതായും കുട്ടിയെ നഷ്ടമായ കുടുംബത്തിന് ആരുമില്ലെന്ന തോന്നല്‍ ഉണ്ടാവാതിരിക്കാനാണ് ഇടപെടുന്നതെന്നും കോടതി വ്യക്തമാക്കി.
ആത്മഹത്യയാണെന്ന് ഒറ്റയടിക്ക് എഴുതിതള്ളാനാവില്ല. കൊലപാതകമടക്കം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണത്തില്‍ ഇടപെടുന്നില്ല. മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. പെണ്‍കുട്ടിക്ക് 15 വയസു മാത്രമുള്ളതിനാല്‍ പോക്‌സോ കേസെന്ന വഴിയ്ക്ക് അന്വേഷിക്കാമായിരുന്നു വെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടികളെയോ സ്ത്രീകളെയോ കാണാതായ കേസുകളില്‍ ശരി തെറ്റുകള്‍ പരിശോധിക്കാതെ ഉടന്‍ തന്നെ നടപടിയുണ്ടാവണം. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. 10 വര്‍ഷം മുന്‍പ് ഒരിക്കലും നടക്കില്ലെന്ന് കരുതുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും കോവിഡിന് മുന്‍പും ശേഷവും എന്ന രീതിയിലേക്ക് ലോകം മാറിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കാനായി അടുത്ത ചെവ്വാഴ്ചയിലേക്ക് മാറ്റി.