ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ പിടിയില്‍

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ പിടിയില്‍


കൊച്ചി: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ ലക്ഷങ്ങള്‍ ലാഭ വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് മുപ്പത്തി ഒമ്പത് ലക്ഷത്തി എണ്‍പതിനായിരം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ പൊട്ട പഴമ്പിള്ളി പുല്ലന്‍ വീട്ടില്‍ നബിന്‍ (26)നെയാണ് ആലുവ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ടീം അറസ്റ്റ് ചെയ്തത്. നിക്ഷേപത്തിന് ഒണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ വന്‍ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത്.

ഫെയ്‌സ് ബുക്കില്‍ പരസ്യം കണ്ടാണ് പിറവം സ്വദേശി തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. പുതുതായി തുടങ്ങുന്ന ഐപിഒകളില്‍ പണം നിക്ഷേപിച്ചാല്‍ രണ്ടിരട്ടിയോ അതിലേറെയോ ലാദമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

ഇതില്‍ വിശ്വസിച്ച ഇയാള്‍ ഏപ്രിലില്‍ വിവിധ ദിവസങ്ങളിലായി സംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. പതിനാറ് പ്രാവശ്യമായാണ് പണം നിക്ഷേപിച്ചത്. ഓരോ ലെവല്‍ കഴിയുമ്പോള്‍ നിക്ഷേപവും ലാഭവും വര്‍ധിക്കുമെന്നായിരുന്നു ഓഫര്‍. എന്നാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്.

തുടര്‍ന്ന് പരാതി നല്‍കി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്.

പിടിയിലായ ആളുടെ അക്കൗണ്ടിലൂടെ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഒരു കോടി ഇരുപത്തിയാറ് ലക്ഷം രൂപയുടെ ഇടപാടുണ് നടന്നിട്ടുള്ളത്. തട്ടിപ്പു സംഘത്തില്‍പ്പെട്ട മറ്റ് ആളുകള്‍ അയച്ചുകൊടുക്കുന്ന തുക ഡോളറാക്കി മാറ്റി തിരിച്ചയച്ചുകൊടുക്കുന്നതും ഇയാളാണ്. 

ഇന്‍സ്‌പെക്ടര്‍ വിബിന്‍ദാസ്, എസ് ഐമാരായ സി കെ രാജേഷ്, എം അജേഷ്, എഎസ്‌ഐ പി ജി ബൈജു, സീനിയര്‍ സി പി ഒമാരായ ആര്‍ സജേഷ്, ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.