റിയാദ്: ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തില്‍ സംശയിക്കുന്നയാളെ കുറിച്ച് സൗദി അറേബ്യ ജര്‍മ്മനിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വെള്ളിയാഴ്ച ജര്‍മ്മനിയിലെ കിഴക്കന്‍ നഗരമായ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്കാണ് ഒരാള്‍ കാര്‍ ഓടിച്ചുകയറ്റിയത്. സൗദി പൗരനാണ് ഇയാളെങ്കിലും വര്‍ഷങ്ങളായി ജര്‍മനിയിലാണ് താമസിക്കുന്നത്. സംഭവത്തില്‍ ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇയാല്‍ തന്റെ സ്വകാര്യ എക്സ് അക്കൗണ്ടില്‍ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തില്‍ തീവ്രവാദി വീക്ഷണങ്ങള്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൗദി അറേബ്യ ജര്‍മ്മന്‍ അധികൃതര്‍ക്ക് ആക്രമണകാരിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതെന്നാണ് വിവരം.
ഫാര്‍ റൈറ്റ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിച്ചയാളാണ് പ്രതിയെന്ന് പ്രാദേശിക മാസികയായ ഡെര്‍ സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, എവിടെ നിന്നാണ് വിവരം ലഭിച്ചതെന്ന് മാഗസിന്‍ വ്യക്തമാക്കിയിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജര്‍മ്മനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സി വിസമ്മതിച്ചു.
അതേസമയം ആക്രമണകാരിയെന്ന് സംശയിക്കുന്നയാളെ തങ്ങള്‍ 2019ല്‍ അഭിമുഖം നടത്തിയതായും ഇയാള്‍ ഇസ്ലാം വിരുദ്ധനാണെന്നും ജര്‍മ്മനിയിലെ ഫാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
തന്നെപ്പോലുള്ള ഇസ്ലാമിക പശ്ചാത്തലമുള്ളവരും എന്നാല്‍ ഇപ്പോള്‍ വിശ്വാസികളല്ലാത്തവരുമായവരെ ഇവിടെയുള്ള മുസ്ലിംകള്‍ മനസ്സിലാക്കുകയോ സഹിഷ്ണുത കാണിക്കുകയോ ചെയ്യുന്നില്ലെന്നാണ് അയാള്‍ അഭിമുഖത്തില്‍ പറഞ്ഞത്. ചരിത്രം രേഖപ്പെടുത്തിയാല്‍ ഇസ്‌ലാമിന്റെ ഏറ്റവും ആക്രമണാത്മക വിമര്‍ശകനാണ് താനെന്നും അക്കാര്യത്തില്‍ വിശ്വാസം വരുന്നില്ലെങഅകില്‍ അറബികളോട് അന്വേഷിക്കാനും അയാള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ആക്രമണം നടത്തിയ സൗദി പൗരനെ ജര്‍മ്മന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2006 മുതല്‍ ജര്‍മ്മനിയില്‍ താമസിക്കുന്ന 50കാരനായ സൈക്യാട്രി ഡോക്ടറാണ് തലേബ് എ എന്ന ഭാഗിക നാമത്തില്‍ ജര്‍മ്മന്‍ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞ ആക്രമണകാരി.
പ്രതിയെ കൈമാറാന്‍ സൗദി അറേബ്യ അഭ്യര്‍ഥിച്ചെങ്കിലും ജര്‍മ്മനി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് സൗദി അറേബ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ച ജര്‍മ്മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ഗുരുതരമായ ആക്രമണത്തെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
'അക്രമത്തെ നിരാകരിക്കുന്നതില്‍ സൗദി അറേബ്യ ശക്തമായി രംഗത്തുണ്ടാകുമെന്നും മരിച്ചവരുടെ കുടുംബങ്ങളോടും ജര്‍മ്മനിയോടും ഗവണ്‍മെന്റിനോടും ജനങ്ങളോടും സഹതാപവും ആത്മാര്‍ഥമായ അനുശോചനവും പ്രകടിപ്പിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
'ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി ആളുകള്‍ ഒത്തുചേരുകയും ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കുകയും മള്‍ഡ് വൈന്‍ കുടിക്കുകയും ഒരുമിച്ച് വിശ്രമിക്കാന്‍ ഒരു സോസേജ് കഴിക്കുകയും ചെയ്യുമ്പോള്‍ ക്രിസ്മസ് മാര്‍ക്കറ്റുകളേക്കാള്‍ സമാധാനപരവും സന്തോഷകരവുമായ സ്ഥലം ജര്‍മ്മനിയിലില്ല,' ഷോള്‍സ് ശനിയാഴ്ച മാഗ്‌ഡെബര്‍ഗില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
'ഇത്രയും ക്രൂരതയോടെ നിരവധി ആളുകളെ മുറിവേല്‍പ്പിക്കുകയും കൊല്ലുകയും ചെയ്യുക എന്നതാണ് ഭയാനകമായ ഒരു പ്രവൃത്തി,' അദ്ദേഹം പറഞ്ഞു.