ഒബാമയുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാമത് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്

ഒബാമയുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാമത് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്


ന്യൂയോര്‍ക്ക്: യു എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ 2024-ലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തക പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. എക്‌സിലാണ് ബറാക്ക് ഒബാമ തന്റെ ഇഷ്ട ചിത്രങ്ങള്‍ കുറിച്ചത്.  

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് കൂടാതെ ഒബാമ ഈ വര്‍ഷം ഇഷ്ടപ്പെട്ടതും തന്റെ അനുയായികളെ കാണാന്‍ ശിപാര്‍ശ ചെയ്തതുമായ ചിത്രങ്ങള്‍  കോണ്‍ക്ലേവ്, ദി പിയാനോ ലെസണ്‍, ദി പ്രോമിസ്ഡ് ലാന്‍ഡ്, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ഡ്യൂണ്‍: പാര്‍ട്ട് ടു, അനോറ, ദീദി, ശുഗര്‍കെയ്ന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ എന്നിവയാണ്. 

സിനിമകള്‍ക്ക് പുറമെ തനിക്ക് ഇഷ്ടപ്പെട്ട സംഗീതത്തിന്റെയും പുസ്തകങ്ങളുടെയും പട്ടികയും ഒബാമ പങ്കുവെച്ചിട്ടുണ്ട്. വര്‍ഷം മുഴുവന്‍ താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച കാര്യങ്ങളുടെ പട്ടിക ഒബാമ പങ്കുവെക്കാറുണ്ട്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലം മുതല്‍ തന്റെ പ്രിയപ്പെട്ട സിനിമകളുടെയും ഷോകളുടെയും പുസ്തകങ്ങളുടെയും പട്ടിക അദ്ദേഹം പങ്കിടാറുണ്ട്. 

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് പായല്‍ കപാഡിയയുടെ സിനിമ.  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പുരസ്‌ക്കാരം നേടിയതിന് പിന്നാലെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകുയം തലക്കെട്ടുകളില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.  

മുംബൈയില്‍ ഒന്നിച്ചു താമസിക്കുന്ന മലയാളി വനിതകളുടെ സ്വന്തം വെല്ലുവിളികളോടും ആഗ്രഹങ്ങളോടും പ്രശ്നങ്ങളോടും പൊരുതി  മുന്നേറുന്ന കഥയാണ് ഓള്‍ വി ഇമാജിന്‍. 

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം എന്നിവരാണ് സിനിമയില്‍ വേഷമിട്ടത്. മുംബൈയിലെ നഴ്സായ പ്രഭ (കനി കുസൃതി), അനു (ദിവ്യ പ്രഭ), ഇവരുടെ സുഹൃത്ത് പാര്‍വതി (ഛായ കദം) എന്നിങ്ങനെയാണ് കഥാപാത്രങ്ങള്‍. 

കാനില്‍ ഗ്രാന്‍ഡ് പ്രിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ഓള്‍ വി ഇമാജിന്‍. ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡുകള്‍, ഗോള്‍ഡന്‍ ഗ്ലോബ്സ് തുടങ്ങിയ അഭിമാനകരമായ അവാര്‍ഡുകള്‍ക്കും ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

ഗോള്‍ഡന്‍ ഗ്ലോബ്‌സ് 2025-ല്‍ ഇത് രണ്ട് നോമിനേഷനുകള്‍ നേടിയിട്ടുണ്ട്: മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രവും മികച്ച സംവിധായകനും.

ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിലെ ജൂറി ഗ്രാന്‍ഡ് പ്രൈസ്, ഗോതം അവാര്‍ഡിലെ മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍, ന്യൂയോര്‍ക്ക് ഫിലിമിലെ മികച്ച ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് എന്നിവയും ഈ സിനിമ നേടിയിട്ടുണ്ട്.