ലണ്ടന്‍: ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ എത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എലോണ്‍ മസ്‌ക് ഇനി ബ്രിട്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ രാഷ്ട്രീയ അന്തരീക്ഷം കൂടി മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് സൂചന.
പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ പരസ്യമായി വിമര്‍ശിക്കുന്ന മസ്‌ക് ബ്രിട്ടനിലെ പോപുലിസ്റ്റ് പാര്‍ട്ടി 'റിഫോം യു കെ'യ്ക്ക് കോടിക്കണക്കിന് ഡോളര്‍ സംഭാവന നല്‍കാന്‍ തയ്യാറാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബ്രിട്ടന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാര്‍ സംവിധാനങ്ങളും ആശങ്കയിലാവുന്നത്. ഇതിന് മുന്നോടിയായി വിദേശ സംഭാവനകള്‍ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കടുപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
'റിഫോം യു കെ'യുടെ നേതാവ് നൈജല്‍ ഫരാഷ് ട്രംപ് അനുയായിയും ബ്രക്‌സിറ്റ് ആശയത്തിന്റെ മുഖ്യശക്തിയുമായിരുന്നു. അടുത്തിടെ മസ്‌കുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മസ്‌ക് സംഭാവന നല്‍കാനുള്ള സാധ്യത പരിഗണിക്കുന്നുണ്ടെന്നും ഇത് പാര്‍ട്ടിയുടെ വേഗത്തിലുളള വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും ഫരാഷ് പറഞ്ഞു. കുടിയേറ്റ വിരുദ്ധ പാര്‍ട്ടി എന്ന നിലയില്‍ അതിവേഗത്തിലാണ് റിഫോം യു കെയുടെ വളര്‍ച്ച.
ഇതിനകം വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ കക്ഷികള്‍ക്കും നേതാക്കള്‍ക്കും പിന്തുണ പ്രഖ്യാപിച്ചതിന്റെ ചരിത്രമുണ്ട് മസ്‌കിന്. എന്നാല്‍ ഒരു വിദേശ രാഷ്ട്രീയ കക്ഷിക്ക് സംഭാവന നല്‍കുന്നത് പുതിയൊരു ചുവടുവെപ്പായിരിക്കും.
റിഫോം യു കെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച് 14 ശതമാനം വോട്ടും അഞ്ച് സീറ്റുകളും നേടിയിരുന്നു. അടുത്ത ഘട്ടത്തില്‍ വലിയ സാമ്പത്തിക പിന്തുണ ലഭിച്ചാല്‍ പാര്‍ട്ടിയുടെ മുന്നേറ്റം കൂടുതല്‍ ശക്തമായിരിക്കുമെന്നാണ് നിരീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ കര്‍ശന ചെലവ് സംവിധാനങ്ങള്‍ ഉള്ളതിനാല്‍ വിദേശ സംഭാവനകള്‍ ബ്രിട്ടനില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മസ്‌ക് സ്വന്തം ഉടമസ്ഥതയിലുളഅള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോം എക്‌സിനെയാണ് ഉപയോഗിക്കുന്നത്. ഫെബ്രുവരി 23ന് തെരഞ്ഞെടുപ്പ് നടക്കുന്ന ജര്‍മനിയില്‍ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ തീവ്രവലതുപക്ഷം ബദല്‍ ഫോര്‍ ജര്‍മ്മനിക്കും മസ്‌ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടതുപക്ഷ ലേബര്‍ സര്‍ക്കാറിന്റെ പിടിയിലാണ് ബ്രിട്ടനെന്ന സന്ദേശമാണ് ഫരേജും ട്രംപുമെല്ലാം പ്രചരിപ്പിക്കുന്നത്. എന്നാല്‍ ജൂലൈ മാസത്തിലാണ് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നത്. അഞ്ച് മാസത്തിനിടെയാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നത്.
ഫ്‌ളോറിഡയില്‍ മാര്‍ എ ലോഗോയില്‍ വെച്ച് ഫരേജും മസ്‌ക്കും തമ്മില്‍ ട്രംപിന്റെ ഛായാചിത്രത്തിന് മുമ്പില്‍ വെച്ച് കണ്ടുമുട്ടുന്ന ചിത്രം പകര്‍ത്തി എക്‌സില്‍ പങ്കുവെച്ചിരുന്നു. ബ്രിട്ടന് നവീകരണം ആവശ്യമാണെന്നായിരുന്നു ഫോട്ടോയ്ക്ക് ഫരേജ് നല്‍കിയ അടിക്കുറിപ്പ്. അതിന് തീര്‍ച്ചയായും എന്ന മറുപടിയാണ് മസ്‌ക് പോസ്റ്റ് ചെയ്തത്.
അനധികൃത കുടിയേറ്റം തടയുന്നതിന് ജൂണില്‍ ഫരേജ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതോടെയാണ് മസ്‌കിന്റെ താത്പര്യം വര്‍ധിച്ചത്. ഫരേജിന്റെ പ്രചരണങ്ങള്‍ ബ്രിട്ടനില്‍ ഫലം കണ്ടുവെന്നതാണ് തെരഞ്ഞെടുപ്പില്‍ 14 ശതമാനം വോട്ടായും അഞ്ച് സീറ്റായും തെളിഞ്ഞത്.
പിന്നാലെ മൂന്നു കുട്ടികളെ കൊലപ്പെടുത്തിയയാള്‍ അഭയാര്‍ഥിയാണെന്ന പ്രചരണത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ 17 വയസ്സുകാരനായ ബ്രിട്ടീഷ് പൗരനാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
വലിയ കുടിയേറ്റത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ കലാപം അനിവാര്യമാണെന്നാണ് എക്‌സില്‍ മസ്‌ക് എഴുതിയത്. സോഷ്യല്‍ മീഡിയയിലൂടെ അക്രമത്തിന് പ്രേരിപ്പിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തപ്പോള്‍ മസ്‌ക് തന്റെ വിമര്‍ശനം കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത്. മസ്‌കിന്റെ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് സ്റ്റാര്‍മറിന്റെ വക്താവ് വ്യക്തമാക്കി.
ഒക്ടോബറില്‍ നടന്ന നിക്ഷേപ ഉച്ചകോടിയിലേക്ക് യു കെ സര്‍ക്കാര്‍ മസ്‌കിനെ ക്ഷണിച്ചില്ല. നവംബറില്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്ക് സ്വേച്ഛാധിപത്യ പൊലീസ് ഭരണകൂടമായിരുന്നു വേണ്ടതെന്ന് മസ്‌ക് പോസ്റ്റ് ചെയ്തു.
ബ്രിട്ടീഷ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ എത്ര തുക ചെലവഴിക്കാമെന്നതിന് കര്‍ശനമായ വ്യവസ്ഥകളുണ്ട്. എന്നാല്‍ യു കെ ആസ്ഥാനമായുളഅള കമ്പനി മുഖേനയുള്ള സംഭാവനകള്‍ സ്വീകരിക്കാനുമാവും. ട്വിറ്റര്‍ യുകെ, ടെസ്ല യു കെ, സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സര്‍വീസസ് യു കെ എന്നിവയെ നിയന്ത്രിക്കാന്‍ മസ്‌കിനെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
യു കെയില്‍ 2029 വരെ തെരഞ്ഞെടുപ്പ് നടക്കേണ്ടതില്ല. എന്നാല്‍ ഔദ്യോഗിക പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ റിഫോമിന് പോളിംഗ് ലഭിച്ചതായി സമീപകാല സര്‍വേകള്‍ കാണിക്കുന്നുണ്ട്. നിരവധി പേര്‍ക്ക് താത്പര്യമില്ലെങ്കിലും യു കെയില്‍ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയക്കാരനായും ഫരേജ് വളരുന്നുണ്ട്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പിന്തുണ വര്‍ധിപ്പിക്കാനും മികച്ച പ്രകടനം നടത്താനും മസ്‌കിന്റെ ഫണ്ടുകള്‍ സഹായിക്കുമെന്നാണ് റിഫോം യു കെ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.