ഇസ്രയേലില്‍ യെമന്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണം; 16 പേര്‍ക്ക് പരിക്ക്

ഇസ്രയേലില്‍ യെമന്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണം; 16 പേര്‍ക്ക് പരിക്ക്


ടെല്‍ അവീവ് : മധ്യ ഇസ്രയേലില്‍ ടെല്‍അവീവിന് സമീപം യെമന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 16 പേര്‍ക്ക് നിസാരപരിക്കേറ്റതായി സൈന്യം അറിയിച്ചു. 'പ്രൊജക്ടൈല്‍' എന്ന പേരില്‍ യെമന്‍ നടത്തിയ ആക്രമണം തടയാന്‍ സാധിച്ചില്ലെന്നും സൈന്യം വ്യക്തമാക്കി.

ഒരു വര്‍ഷം മുന്‍പ് ഗാസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം യെമനിലെ ഇറാന്റെ പിന്തുണയുളള ഹൂതി വിമതര്‍ ഇസ്രയേലിനെതിരെ മിസൈല്‍ ആക്രണം നടത്തിയിരുന്നു. ഇതിനുപിന്നാലെ യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുളള പ്രദേശങ്ങളും തുറമുഖങ്ങളും ഇസ്രയേല്‍ സൈന്യം തകര്‍ത്തിരുന്നു. ടെല്‍ അവീവിന് കിഴക്കുളള ബ്നേ ബ്‌റാക്കിലാണ് മിസൈല്‍ വീണതെന്ന് ഇസ്രയേല്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവര്‍ക്കാവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും വക്താവ് പ്രതികരിച്ചു. പാലസ്തീനികളുടെ ഐക്യദാര്‍ഢ്യത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗാസയിലെ ആക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നതുവരെ ആക്രമണങ്ങള്‍ തുടരുമെന്നും കഴിഞ്ഞ ആഴ്ച ഹൂതി വിമതര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം യെമനില്‍ ഹൂതി വിമത കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. തലസ്ഥാനമായ സനായിലെ രണ്ട് പവര്‍ സ്റ്റേഷനുകളിലും ഹൊദൈദയിലെ എണ്ണ കേന്ദ്രത്തിലും അസ്-സാലിഫ്, റാസ് ഇസാ തുറമുഖങ്ങളിലും ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ബോംബിട്ടു.

യെമനില്‍ നിന്ന് രാജ്യത്തെ ലക്ഷ്യമാക്കിയ മിസൈലിനെ വെടിവച്ചിട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.

ഡിസംബര്‍ ഒമ്പതിനും മദ്ധ്യ ഇസ്രയേലിലെ ജനവാസമേഖലയായ യാവ്‌നില്‍ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. അതില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ടെല്‍അവീവില്‍ കഴിഞ്ഞ ജൂലായില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു.
ഇതോടെ ഇസ്രയേല്‍ സൈന്യം യെമന്‍ തുറമുഖമായ ഹൊദൈദ് തകര്‍ത്തെന്നും പവര്‍ സ്?റ്റേഷനായ സനയും ആക്രമിച്ചു. ആക്രമണത്തില്‍ ഒമ്പത് പൗരന്‍മാരാണ് കൊല്ലപ്പെട്ടതെന്ന് ഹൂതി വിമത നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി അല്‍ മസീറ ടിവിയിലൂടെ പറഞ്ഞു.