പ്രധാനമന്ത്രി നരേന്ദ്ര മോഡി കുവൈത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡി കുവൈത്തില്‍


കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജബര്‍ അല്‍ സബാഹിന്റെ ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുവൈത്തിലെത്തി. 43 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. 1981ല്‍ ഇ്ന്ദിരാ ഗാന്ധിയാണ് ഇതിനു മുമ്പ് കുവൈത്ത് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. 

പശ്ചിമേഷ്യയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയില്‍ ഇന്ത്യയും കുവൈത്തും താത്പര്യങ്ങള്‍ പങ്കുവച്ചതായി സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു.

തലമുറകളായി പരിപോഷിപ്പിക്കപ്പെടുന്ന കുവൈത്തുമായുള്ള ചരിത്രപരമായ ബന്ധത്തെ ആഴത്തില്‍ വിലമതിക്കുന്നതായും ശക്തമായ വ്യാപാര- ഊര്‍ജ്ജ പങ്കാളികള്‍ മാത്രമല്ല, പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയില്‍ താത്പര്യമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാക്കുന്നതിന് നിര്‍ണായക സംഭാവന നല്‍കിയ കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളെയും പ്രധാനമന്ത്രി മോഡി കാണും. കുവൈത്തിലെ മോഡിയുടെ പരിപാടികളില്‍ ഇന്ത്യന്‍ ലേബര്‍ ക്യാമ്പ് സന്ദര്‍ശനവും ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങും ഉണ്ട്. 

ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയും പ്രതിരോധ സഹകരണ കരാറും സംബന്ധിച്ച് കുവൈത്തുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.