ആല്‍ബെര്‍ട്ടയില്‍ കാട്ടുതീ; ബാര്‍ഹെഡ് കൗണ്ടിയിലെ ചില മേഖലകളില്‍ ഒഴിപ്പിക്കല്‍ ഉത്തരവ്

ആല്‍ബെര്‍ട്ടയില്‍ കാട്ടുതീ; ബാര്‍ഹെഡ് കൗണ്ടിയിലെ ചില മേഖലകളില്‍ ഒഴിപ്പിക്കല്‍ ഉത്തരവ്


എഡ്മണ്ടണ്‍: ആല്‍ബെര്‍ട്ട പ്രവിശ്യയിലെ ബാര്‍ഹെഡ് കൗണ്ടിയിലെ കാട്ടുതീ വ്യാപക ആശങ്കയ്ക്കിടയാക്കി. എഡ്മണ്ടണിന് വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മേഖലയില്‍  തീ പടര്‍ന്നതിനെ തുടര്‍ന്ന് അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചില പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ആല്‍ബെര്‍ട്ട എമര്‍ജന്‍സി അലര്‍ട്ടിലാണ് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി അറിയിച്ചത്. ആദ്യം സമ്മര്‍ലിയ ഉപവിഭാഗത്തിലെ താമസക്കാരോടാണ് പ്രദേശം ഒഴിയാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഏകദേശം 45 മിനിറ്റിനുശേഷം തണ്ടര്‍ ലേക്ക് ഉപവിഭാഗത്തേക്കും ഒഴിപ്പിക്കല്‍ ഉത്തരവ് വ്യാപിപ്പിച്ചു.

തണ്ടര്‍ ലേക്ക് മേഖലയില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് തീപിടിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രവിശ്യാ പാര്‍ക്കിലെ ബോട്ട് ലോഞ്ചിന് തെക്കുഭാഗത്തുള്ള ചില കെട്ടിടങ്ങളിലാണ് തീപിടുത്തമുണ്ടായതെന്ന് ബാര്‍ഹെഡ് കൗണ്ടി അധികൃതര്‍ വ്യക്തമാക്കി.

പിന്നീട് സമ്മര്‍ലിയ മേഖലയിലെ ഒഴിപ്പിക്കല്‍ ഉത്തരവ് പിന്‍വലിച്ചതായും അവിടുത്തെ താമസക്കാര്‍ക്ക് വീടുകളിലേക്ക് മടങ്ങാമെന്നും അധികൃതര്‍ അറിയിച്ചു. തണ്ടര്‍ ലേക്ക് മേഖലയിലെ ഒഴിപ്പിക്കല്‍ ഉത്തരവ് തുടരുമെന്നും വ്യക്തമാക്കി.

ബാര്‍ഹെഡ് ഫയര്‍ റീജിയണല്‍ സര്‍വീസസിന്റെ മേധാവി നല്‍കിയ വിവരമനുസരിച്ച് എട്ട് കാബിനുകളും ഏകദേശം 30 ഔട്ട്ബില്‍ഡിംഗുകളും തീപിടുത്തത്തില്‍ ബാധിച്ചതായി കൗണ്ടി വക്താവ് ആഡം വാന്‍ഡര്‍വെക്കന്‍ അറിയിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒഴിപ്പിക്കപ്പെട്ടവരോട് ഹൈവേ 18 വഴി ബാര്‍ഹെഡ് പട്ടണത്തിലെ കൗണ്ടി ഓഫിസിലെത്താന്‍ നിര്‍ദേശിച്ചു. രക്ഷാപ്രവര്‍ത്തന കേന്ദ്രത്തിലെത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

ഈ പ്രദേശത്തേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണംമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തണ്ടര്‍ ലേക്ക് എഡ്മണ്ടണില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്.