ചെറിയാന്‍ പി ചെറിയാന്‍

ചെറിയാന്‍ പി ചെറിയാന്‍

തിരുവല്ല: ഇരവിപേരൂരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കിയ സാഹിത്യകാരനും 32 പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവും മികച്ച അധ്യാപകനും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പ്ലാക്കീഴ് പുത്തന്‍പുരയില്‍ ചെറിയാന്‍ പി ചെറിയാന്‍ (സണ്ണിസാര്‍- 83) അന്തരിച്ചു. സംസ്‌ക്കാരം ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ പിന്നീട് നടക്കും. മാരാമണ്‍ കളത്തൂര്‍ തേവര്‍ത്തുണ്ടിയില്‍ കുടുംബാംഗമായ മേരി ചെറിയാന്‍ (റിട്ട. ഹെഡ്മിസ്ട്രസ്, എം എം എ ഹൈസ്‌കൂള്‍, മാരാമണ്‍) ആണ് ഭാര്യ. ദീപു (യു എസ് എ), ദിലീപ് (യു കെ), ദീപ്തി (കാനഡ) എന്നിവര്‍ മക്കളും ദീപം (യു എസ് എ), ടീന (യു കെ), ജൂബിന്‍ (കാനഡ) എന്നിവര്‍ മരുമക്കളുമാണ്. 1941-ല്‍ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ ഇരവിപേരൂരില്‍ ജനിച്ച ഇദ്ദേഹം ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ മത്തമാറ്റിക്സ് ഐച്ഛിക വിഷയമെടുത്ത് 1963-ല്‍ രണ്ടാം ക്ലാസ്സോടുകൂടി ബി എസ് സി ബിരുദം നേടി. 1964-ല്‍ തിരുവല്ല റ്റൈറ്റസ് സെക്കന്റ് ടീച്ചേഴസ് ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി എഡ് ബിരുദം കരസ്ഥമാക്കിയ ശേഷം 1963 മുതല്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. 1972-ല്‍ എം എസ് സി. പഠനത്തിന് ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ ചേര്‍ന്നു. 1974-ല്‍ രണ്ടാം ക്ലാസ്സോടെ എം എസ് സി പാസ്സായി. വീണ്ടും സെന്റ് ജോണ്‍സില്‍ അധ്യാപകനായി തുടര്‍ന്ന അദ്ദേഹം 33 വര്‍ഷത്തെ അധ്യാപനത്തിനുശേഷം 1999-ല്‍ ഹെഡ്മാസ്റ്ററായി വിരമിച്ചു. 1975ല്‍ തിരുവല്ല വൈ എം സി എയുടെ സ്ഥാപക സെക്രട്ടറിയായി ചുമതലയറ്റ സണ്ണി സാര്‍ 2008 വരെയുള്ള 33 വര്‍ഷക്കാലം അവിടെ സെക്രട്ടറിയായി മികച്ച വികസന പ്രവര്‍ത്തനം കാഴ്ചവച്ചു. അദ്ദേഹം നടപ്പിലാക്കിയ ആകര്‍ഷകമായ വികസന പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മികച്ച ഗ്രാമീണ വൈ എം സി എ ആയി 3 വര്‍ഷക്കാലം തിരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നു. 2009-ല്‍ സണ്ണിസാര്‍ തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. തുര്‍ന്നുള്ള 12 വര്‍ഷങ്ങളിലായി കഥ, കവിത, ലേഖനം, ഹാസ്യ വിമര്‍ശനം, ചരിത്രം, ബൈബിള്‍, യാത്രാ വിവരണം, കല എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 32 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 2016ല്‍ സാഹിത്യരചനയ്ക്കുള്ള \'നവോത്ഥാന ശ്രേഷ്ഠ പുരസ്‌കാരത്തിന്\' അദ്ദേഹം അര്‍ഹനായി. 33 വര്‍ഷം അധ്യാപകനായിരുന്ന സെന്റ് ജോണ്‍സ് ഹൈസ്‌കൂളിലെ ഗതകാല സ്മരണകളെ അയവിറക്കി തയ്യാറാക്കി പ്രൊഫസര്‍ ഡോക്ടര്‍ എബി കോശി അവതാരിക എഴുതിയ \'\'ഗുരുസ്മൃതി -2\' എന്ന തന്റെ മുപ്പത്തി മൂന്നാമത്തെ പുസ്തകത്തിന്റെ പ്രകാശനത്തിനായി തയ്യാറെടുക്കുമ്പോഴാണ് മരണം സംഭവിച്ചത്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയായുടെ (മാപ്പ്) സജീവാംഗവും കമ്മറ്റി അംഗവുമായ ദീപു ചെറിയാന്റെ പിതാവായ ചെറിയാന്‍ പി ചെറിയാന്റെ ദേഹവിയോഗത്തില്‍ ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, മാപ്പ് പ്രസിഡന്റ് ബെന്‍സണ്‍ വര്‍ഗീസ് പണിക്കര്‍, മുന്‍ പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ഫോമയുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനു ജോസഫ് എന്നിവരും മാപ്പ് ഭരണസമിതിയിലെ മറ്റ് അംഗങ്ങളും മാപ്പ് കുടുംബാംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.