ഫിലഡല്ഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന 'കേരളീയം 2026' കേരള ദിനാഘോഷം നവംബര് 8ന് ഫിലഡല്ഫിയയില് നടക്കും. നവംബര് 8ന് വൈകിട്ട് 4 മണിക്ക് അസന്ഷന് മാര്ത്തോമ്മാ ചര്ച്ച് ഓഡിറ്റോറിയത്തില് വെച്ച് (10197 Northeast Avenue, Philadelphia, PA 19116-ലെ Ascension Mar Thoma Church Auditorium) വിവിധ കലാ-സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ കേരളപ്പിറവി ദിനാഘോഷം പ്രവാസിമലയാളികള് ആഘോഷമാക്കും. കേരളീയ സംസ്കാരവും പാരമ്പര്യവും പ്രവാസി മലയാളികളിലേക്ക് കൂടുതല് അടുപ്പിക്കുന്നതിനൊപ്പം, കുടിയേറ്റം, സീനിയര് കെയര്, റിട്ടയര്മെന്റ് തുടങ്ങിയ പ്രവാസി സമൂഹം നിലവില് നേരിടുന്ന പ്രധാന വിഷയങ്ങളില് വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
24 ന്യൂസ് അസോഷ്യേറ്റ് എക്സിക്യൂട്ടീവ് എഡിറ്റര് വി. അരവിന്ദ് ആണ് പരിപാടിയുടെ മുഖ്യാതിഥി. മാധ്യമരംഗത്ത് പ്രശംസനീയമായ പ്രവര്ത്തന പരിചയമുള്ള വി. അരവിന്ദിന്റെ സാന്നിധ്യം പരിപാടി കൂടുതല് ശ്രദ്ധേയമാക്കും. ഫിലഡല്ഫിയയിലെ പ്രമുഖ ഇമിഗ്രേഷന് അറ്റോര്ണി റിക്കി പല്ലഡിനോ വിശിഷ്ടാതിഥിയായി പങ്കെടുക്കും. അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില് അദ്ദേഹത്തോട് നേരിട്ട് ചോദ്യങ്ങള് ചോദിക്കാനും സംശയങ്ങള് തീര്ക്കാനും പരിപാടിയില് പങ്കെടുക്കുന്നവര്ക്ക് അവസരമുണ്ടാകും. പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സംവാദം ഒരുക്കിയിരിക്കുന്നത്.
പരിപാടിയിലെ പ്രധാന ആകര്ഷണങ്ങളിലൊന്ന് 'Senior Care & Retirement - Key Precautions & Insights' എന്ന പ്രത്യേക സെമിനാറാണ്. സീനിയര് കെയര്, ഇന്ഡിപെന്ഡന്റ് ലിവിംഗ്, റിട്ടയര്മെന്റ് മേഖലകളിലെ വിദഗ്ധര് പങ്കെടുക്കുന്ന പാനല് ചര്ച്ചയാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. പ്രായമായ മാതാപിതാക്കളുടെ പരിചരണം, സ്വതന്ത്ര ജീവിതത്തിനുള്ള സൗകര്യങ്ങള്, റിട്ടയര്മെന്റിന് മുന്നോടിയായി സ്വീകരിക്കേണ്ട മുന്കരുതലുകള് തുടങ്ങിയ വിഷയങ്ങളില് നേരിട്ട് ചോദ്യങ്ങള് ചോദിക്കാനും വിദഗ്ധരില് നിന്ന് മറുപടി നേടാനും അവസരമുണ്ടാകും. പ്രവാസി മലയാളി കുടുംബങ്ങള്ക്ക് ഏറെ പ്രസക്തമായ വിഷയമായതിനാല് സെമിനാര് പരിപാടിയുടെ പ്രധാന ആകര്ഷണങ്ങളിലൊന്നാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
അറിവും സംവാദവും മാത്രമല്ല, കേരളത്തിന്റെ തനത് കലാ-സാംസ്കാരിക പൈതൃകവും പരിപാടിയില് നിറയും. ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ സാംസ്കാരിക പരിപാടികള് കേരളീയം 2026ന്റെ സാംസ്കാരിക സായാഹ്നത്തിന് മാറ്റുകൂട്ടും. കേരളത്തിന്റെ തനിമയും പ്രവാസി മലയാളികളുടെ കൂട്ടായ്മയും ഒരുമിക്കുന്ന വേദിയായി പരിപാടിയെ ഒരുക്കുകയാണ് ട്രൈസ്റ്റേറ്റ് കേരള ഫോറം. കുടുംബസമേതം പങ്കെടുക്കാവുന്ന രീതിയിലാണ് കേരളീയം 2026 സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവര്ക്കായി ഡിന്നറും ഒരുക്കിയിട്ടുണ്ട്.
പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില് വിദഗ്ധരുമായി സംവദിക്കാനും പ്രമുഖ അതിഥികളെ നേരില് കാണാനും കേരളീയ കലാസാംസ്കാരിക പരിപാടികള് ആസ്വദിക്കാനും അവസരമൊരുക്കുന്ന കേരളീയം 2026, ഫിലഡല്ഫിയയിലെ മലയാളി സമൂഹത്തിന് അറിവിന്റെയും സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും വേദിയാകുമെന്നതില് സംശയമില്ല.
കേരളദിന ആഘോഷക്കമ്മിറ്റി ചെയർമാൻ ശ്രീ തോമസ് പോളിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ലെനോ സ്കറിയ, ജോബി ജോർജ്, രാജൻ സാമൂവൽ, സുരേഷ് നായർ, ജീമോൻ ജോർജ്, ബിനു മാത്യു, റോണി വർഗീസ് എന്നിവർക്കൊപ്പം വിന്സന്റ് ഇമ്മാനുവല്, ജോര്ജ് ഓലിക്കല്, അലക്സ് തോമസ്, സുധ കര്ത്ത, അഭിലാഷ് ജോണ്, ഫിലിപ്പോസ് ചെറിയാന്, സുരേഷ് നായര്, ആഷ അഗസ്റ്റ്യന്, ബിനു മാത്യു, സുമോദ് നെല്ലിക്കാല, സാജന് വര്ഗീസ്, ദിലീപ് ജോര്ജ്, ജോണ് പണിക്കര് എന്നിവരുടെയും സംഘാടന മികവില് കേരളപ്പിറവി ദിനാഘോഷത്തിനറെ ഒരുക്കങ്ങള് പൂര്ത്തിയായിക്കൊണ്ടിരിക്കുകയാണ്.
