ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാ സംവരണ നിയമവും സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെ പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
നവംബര്‍ 30 തിങ്കളാഴ്ച ലോക്സഭയും ഡിസംബര്‍ രണ്ട് ബുധനാഴ്ച രാജ്യസഭയും വീണ്ടും ചേരുന്നതിനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അത്യാവശ്യ സര്‍ക്കാര്‍ കാര്യങ്ങള്‍ പരിഗണിക്കുന്നതിനായാണ് സഭകള്‍ വീണ്ടും വിളിച്ചുചേര്‍ക്കുന്നതെന്നും സഭയുടെ അജന്‍ഡയ്ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ചായിരിക്കും നടപടികളെന്നും മന്ത്രി വ്യക്തമാക്കി.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും രാജ്യസഭാ അധ്യക്ഷന്‍ സി പി രാധാകൃഷ്ണനും ഇതുസംബന്ധിച്ച കത്ത് നല്‍കിയതായും റിജിജു എക്‌സിലെ കുറിപ്പില്‍ അറിയിച്ചു. ഈ പ്രത്യേക സിറ്റിങ്ങുകളില്‍ ചോദ്യോത്തരവേള, ശൂന്യവേള, സ്വകാര്യ അംഗങ്ങളുടെ കാര്യപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഓഗസ്റ്റ് 13-ന് അനിശ്ചിതകാലത്തേക്ക് സഭ പിരിഞ്ഞെങ്കിലും സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കുന്ന പ്രൊറോഗേഷന്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതോടെ 94 ദിവസമായി സമ്മേളനം തുടരുന്ന നിലയിലാണ്. 2008-ല്‍ രേഖപ്പെടുത്തിയ 87 ദിവസത്തെ ഇടവേളയാണ് ഇതോടെ മറികടന്നത്.
നിലവിലുള്ള സമ്മേളനം വീണ്ടും ചേരുന്നതിന് ചട്ടപ്രകാരം കുറഞ്ഞത് രണ്ട് ദിവസത്തെ മുന്‍കൂര്‍ അറിയിപ്പ് ആവശ്യമാണ്.
പാര്‍ലമെന്റ് വീണ്ടും ചേരാനുള്ള തീരുമാനത്തോടെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.
2023-ലാണ് കേന്ദ്ര സര്‍ക്കാര്‍ നാരീശക്തി വന്ദന്‍ അധിനിയം എന്നറിയപ്പെടുന്ന വനിതാ സംവരണ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് നിയമം.
എന്നാല്‍ അടുത്ത സെന്‍സസ് പൂര്‍ത്തിയാക്കുകയും അതിനുശേഷം മണ്ഡല പുനര്‍നിര്‍ണയം നടത്തുകയും ചെയ്ത ശേഷമേ നിയമം നടപ്പാക്കാനാകൂ എന്ന വ്യവസ്ഥ നിലവിലുണ്ട്. അതിനാല്‍ 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിയമം നടപ്പാക്കാന്‍ നിലവിലെ ചട്ടക്കൂട് പ്രകാരം സാധിക്കില്ല.
മണ്ഡല പുനര്‍നിര്‍ണയ ബില്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് പാസാക്കാന്‍ നേരത്തേ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ നീക്കം വിജയിച്ചിരുന്നില്ല.
ഇത്തവണത്തെ സമ്മേളനത്തില്‍ മൂന്ന് സുപ്രധാന ബില്ലുകള്‍ ഒരുമിച്ച് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണഘടനാ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഭേദഗതി ബില്‍ എന്നിവയാണവ.
ഭരണഘടനാ ഭേദഗതിക്ക് 360 വോട്ടുകള്‍ വേണം
ലോക്സഭയില്‍ എന്‍ഡിഎയ്ക്ക് നിലവില്‍ ഏകദേശം 292 മുതല്‍ 293 വരെ അംഗങ്ങളാണുള്ളത്. സാധാരണ ബില്‍ പാസാക്കാന്‍ ആവശ്യമായ 272 എന്ന കേവല ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണിത്. എന്നാല്‍ ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കുന്നതിന് പ്രത്യേക ഭൂരിപക്ഷം ആവശ്യമാണ്.
ഭരണഘടനയുടെ 368-ാം അനുച്ഛേദം അനുസരിച്ച്, സഭയിലെ ആകെ അംഗസംഖ്യയുടെ ഭൂരിപക്ഷത്തിനൊപ്പം വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവരില്‍ കുറഞ്ഞത് മൂന്നില്‍ രണ്ട് പേരുടെ പിന്തുണയും ഭരണഘടനാ ഭേദഗതിക്ക് വേണം.
നിലവിലെ കണക്കനുസരിച്ച് എന്‍ ഡി എയ്ക്ക് ലോക്സഭയില്‍ 324 അംഗങ്ങളുടെ പിന്തുണയുണ്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാന്‍ 360 വോട്ടുകള്‍ ആവശ്യമാണ്. അതായത് 36 വോട്ടുകളുടെ അധിക പിന്തുണ കൂടി സര്‍ക്കാരിന് കണ്ടെത്തേണ്ടതുണ്ട്.
പ്രതിപക്ഷ നിരയിലെ ചില പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമാജ്വാദി പാര്‍ട്ടിക്ക് 37 എം പിമാരും രാഷ്ട്രീയ ജനതാദളിന് (ആര്‍ ജെ ഡി) നാല് എം പിമാരുമുണ്ട്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എട്ട് അംഗങ്ങളുണ്ട്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് മൂന്ന്, ആം ആദ്മി പാര്‍ട്ടിക്ക് മൂന്ന്, നാഷണല്‍ കോണ്‍ഫറന്‍സിന് രണ്ട് എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ അംഗബലം.
സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തിനും എട്ട് എംപിമാരുണ്ട്. ഈ പാര്‍ട്ടികളുടെയെല്ലാം പിന്തുണ ലഭിച്ചാല്‍ എന്‍ ഡി എയുടെ അംഗബലം 324-ല്‍നിന്ന് 332 ആയി ഉയരും. എന്നിരുന്നാലും ആവശ്യമായ 360 വോട്ടുകളിലെത്താന്‍ 28 വോട്ടുകള്‍ കൂടി വേണം.
ലോക്സഭയില്‍ 22 അംഗങ്ങളും രാജ്യസഭയില്‍ എട്ട് അംഗങ്ങളുമുള്ള ഡി എം കെയുടെ ആകെ പാര്‍ലമെന്ററി അംഗബലം 30 ആണ്. ഡി എം കെയുടെ പിന്തുണ കൂടി ലഭിച്ചാല്‍ എന്‍ ഡി എയുടെ കണക്ക് 354 ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. അപ്പോഴും ഭരണഘടനാ ഭേദഗതി പാസാക്കാന്‍ ആവശ്യമായ 360 വോട്ടുകളിലേക്ക് എത്താന്‍ ആറ് വോട്ടുകള്‍ കൂടി കണ്ടെത്തേണ്ടിവരും.
