25 ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി; തൊഴിലില്ലാത്തവര്‍ക്ക് 5,000 രൂപ പ്രതിമാസ സഹായം; എസ് പിയുടെ പ്രകടനപത്രിക പുറത്തിറക്കി

25 ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി; തൊഴിലില്ലാത്തവര്‍ക്ക് 5,000 രൂപ പ്രതിമാസ സഹായം; എസ് പിയുടെ പ്രകടനപത്രിക പുറത്തിറക്കി


ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്വാദി പാര്‍ട്ടിയുടെ (എസ് പി) 'പിഡിഎ പ്രകടനപത്രിക' പുറത്തിറക്കി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 25 ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി, തൊഴില്‍ ലഭിക്കാത്തവര്‍ക്ക് പ്രതിമാസം 5,000 രൂപ തൊഴിലില്ലായ്മ വേതനം, സര്‍ക്കാര്‍ കരാറുകളില്‍ പിഡിഎ വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണം എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

ഭരണഘടനാ ദിനമായ വ്യാഴാഴ്ചയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ഭരണഘടനാ മൂല്യങ്ങളുമായും ജനാധിപത്യ സ്ഥാപനങ്ങളുമായും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം തെരഞ്ഞെടുത്തത്.

പിന്നാക്ക വിഭാഗങ്ങള്‍ (പിഛ്‌ഡേ), ദളിതര്‍, ന്യൂനപക്ഷങ്ങള്‍ (അല്‍പസംഖ്യക്) എന്നിവരെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ കൂട്ടായ്മയെയാണ് പിഡിഎ എന്നതുകൊണ്ട് അഖിലേഷ് യാദവ് വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുമുമ്പ് പ്രകടനപത്രിക പുറത്തിറക്കുന്നതിലൂടെ പാര്‍ട്ടിയുടെ നിര്‍ദേശങ്ങളും വാഗ്ദാനങ്ങളും ജനങ്ങളിലേക്ക് നേരത്തേ എത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പിഡിഎ വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പ്രത്യേക സംസ്ഥാന വിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന് അഖിലേഷ് പ്രഖ്യാപിച്ചു. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനും എല്ലാ പരീക്ഷകളും നിശ്ചിത സമയത്ത് നടത്തുന്നതിനും ഫലങ്ങള്‍ പൂര്‍ണ സുതാര്യതയോടെ പ്രഖ്യാപിക്കുന്നതിനും നടപടിയുണ്ടാകും.

25 ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനൊപ്പം മറ്റ് മേഖലകളിലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇതിനു ശേഷവും തൊഴില്‍ ലഭിക്കാത്ത യുവാക്കള്‍ക്ക് പ്രതിമാസം 5,000 രൂപ വീതം തൊഴിലില്ലായ്മ വേതനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തുടനീളം ജാതി സെന്‍സസ് നടപ്പാക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ലക്ഷ്യബോധത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അഖിലേഷ് പറഞ്ഞു.

സമാജ്വാദി കാന്റീനുകള്‍ ആരംഭിച്ച് ഒരു പ്ലേറ്റിന് അഞ്ച് രൂപ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനമുണ്ട്.

'സത്തായീസ് കാ സങ്കല്‍പ്: പിഡിഎ കാ പ്രണ്‍ പത്ര  ജന്‍-മന്‍ കാ മാനിഫെസ്റ്റോ 2027' എന്ന പേരിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. അടച്ചുപൂട്ടിയ 26,000 പ്രാഥമിക വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമെന്നും പന്ത്രണ്ടാം ക്ലാസ് വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ലാപ്‌ടോപ് വിതരണ പദ്ധതി പുനരാരംഭിക്കുമെന്നും വാഗ്ദാനമുണ്ട്.

പ്രായമായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 40,000 രൂപ പെന്‍ഷന്‍ നല്‍കുമെന്നും തുക നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നും അഖിലേഷ് പ്രഖ്യാപിച്ചു. നിശ്ചിത പ്രായപരിധി കഴിഞ്ഞ വനിതാ തൊഴിലാളികള്‍ക്കും 40,000 രൂപ ധനസഹായം നല്‍കും.

50 കോടി രൂപ വരെ മൂല്യമുള്ള സര്‍ക്കാര്‍ കരാറുകളില്‍ പിഡിഎ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

'2027-ലേക്കുള്ള പ്രതിജ്ഞ: പിഡിഎയുടെ വാഗ്ദാനപത്രം' എന്ന ആശയം നേരത്തേ എക്‌സിലൂടെയും അഖിലേഷ് യാദവ് പങ്കുവെച്ചിരുന്നു.

വിവിധ ഘട്ടങ്ങളിലായി പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പുറത്തുവിടുന്നതിലൂടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി കൂടുതല്‍ സമയം ആശയവിനിമയം നടത്താന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് മുതിര്‍ന്ന എസ് പി നേതാവ് പറഞ്ഞു.

403 അംഗങ്ങളുള്ള ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പിയും എസ് പി നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും തമ്മില്‍ ശക്തമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്. വിവിധ രാഷ്ട്രീയ സഖ്യങ്ങളും സാമൂഹിക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായകമാകും.

2022-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി 255 സീറ്റുകള്‍ നേടിയിരുന്നു. സഖ്യകക്ഷിയായ അപ്‌നാദള്‍ (സോണേലാല്‍) 12 സീറ്റുകളും നേടി. സമാജ്വാദി പാര്‍ട്ടിക്ക് 111 സീറ്റുകളാണ് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ഏകദേശം 32 ശതമാനം വോട്ടുകള്‍ നേടിയ എസ് പി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി മാറുകയായിരുന്നു.