ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി വർധമാൻ ജെയിനും ഭാര്യ രാധിക ജെയിനും ചേർന്ന് തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് 207.6 കോടി രൂപ വിലമതിക്കുന്ന 121 കിലോഗ്രാം സ്വർണാഭരണങ്ങൾ സമർപ്പിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് ഈ ചരിത്രപരമായ വഴിപാട് ക്ഷേത്രത്തിന് കൈമാറിയത്.
ആക്സസ് ഹെൽത്ത്കെയറിന്റെയും ഏഷ്യ ചെന്നൈ എൻജിനീയറിങ്ങിന്റെയും സ്ഥാപകനാണ് വർധമാൻ ജെയിൻ. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു വ്യക്തി നൽകുന്ന ഏറ്റവും വലിയ സംഭാവനയാണിതെന്ന് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.
ഒമ്പത് സെറ്റുകളിലായി 46 തരം സ്വർണാഭരണങ്ങളാണ് സമർപ്പിച്ചത്. ഭഗവാനെ ശിരസ്സു മുതൽ പാദം വരെ അണിയിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത കിരീടം, മാലകൾ, അരപ്പട്ട, പാദകവചം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ചെന്നൈയിലെ ജിആർടി ജ്വല്ലേഴ്സിൽ പ്രത്യേകം പറഞ്ഞുനിർമിച്ച ആഭരണങ്ങളാണിവ. മൂലവിഗ്രഹത്തിനും ഉത്സവവിഗ്രഹങ്ങൾക്കും അണിയിക്കാനുള്ള 45 ആഭരണങ്ങളാണ് ഒൻപത് സെറ്റുകളായി തയ്യാറാക്കിയത്. ശ്രീവാരിയുടെ കിരീടം, പത്മപാദങ്ങൾ, അരപ്പട്ട, ഭുജകീർത്തികൾ, ശംഖ്-ചക്രങ്ങൾ, അഭയഹസ്തങ്ങൾ തുടങ്ങിയ ആഭരണങ്ങൾ ഇതിലുണ്ട്.
സ്വർണത്തിന് പുറമെ 238.2 കാരറ്റ് വജ്രങ്ങളും മരതകം, മാണിക്യം, ഇന്ദ്രനീലം തുടങ്ങിയ വിലപിടിപ്പുള്ള രത്നങ്ങളും ഇതിൽ ഉൾപ്പെടുന്നു. 121 കിലോഗ്രാം സ്വർണത്തിൽ 106 കിലോഗ്രാം തിരുമല വെങ്കിടേശ്വര സ്വാമിക്കും 15 കിലോഗ്രാം പദ്മാവതി ദേവിക്കുള്ള സ്വർണവസ്ത്രത്തിനുമായാണ് സമർപ്പിച്ചിരിക്കുന്നത്. കർശന സുരക്ഷയിലാണ് ആഭരണങ്ങൾ തിരുമലയിലെത്തിച്ചത്. രംഗനായകുള മണ്ഡപത്തിൽ ആഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ പുതിയ ആഭരണങ്ങൾ വിഗ്രഹത്തിൽ അണിയിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
വെങ്കിടേശ്വര സ്വാമിക്ക് നിത്യവും അണിയിക്കുന്ന ആഭരണങ്ങളുടെ അതേ തൂക്കത്തിലുള്ള ആഭരണങ്ങൾ സമർപ്പിക്കണമെന്ന ദൈവിക പ്രേരണയാലാണ് ഈ വഴിപാട് നടത്തിയതെന്ന് ദമ്പതികൾ അറിയിച്ചു. വർധമാൻ ജെയിൻ നേരത്തെയും തിരുമല തിരുപതി ദേവസ്ഥാനത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിൽ വൈദ്യുത ബസുകളും ശ്രീ വെങ്കിടേശ്വര ഭക്തി ചാനലിന്റെ വികസനത്തിനായി ഏഴുകോടി രൂപയും സംഭാവന ചെയ്തിരുന്നു. നാണയങ്ങൾ തരംതിരിക്കുന്ന യന്ത്രം വാങ്ങാൻ ഒരു കോടി രൂപയും ഇദ്ദേഹം നൽകിയിട്ടുണ്ട്.
ചെന്നൈ വ്യവസായിയും ഭാര്യയും തിരുമല തിരുപ്പതി ക്ഷേത്രത്തിന് സംഭാവന നൽകിയത് 207.6 കോടിയുടെ സ്വർണം
