ന്യൂഡൽഹി: ജെറ്റ് എയർവേഴ്സ് മുൻ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടും പലിശ സഹിതം നൽകാൻ ഉത്തരവിട്ട് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ. രണ്ടാഴ്ചയ്ക്കുള്ളിൽ അർഹരായ എല്ലാ ജീവനക്കാർക്കും കുടിശ്ശിക വിതരണം ചെയ്യാൻ ജെറ്റ് എയർവേസ് ലിക്വിഡേറ്റർക്ക് എൻസിഎൽഎടി നിർദേശം നൽകി. ഇതോടെ ജീവനക്കാരുടെ ഏഴ് വർഷത്തെ നിയമപോരാട്ടമാണ് വിജയം കണ്ടിരിക്കുന്നത്.
ഇതിനായി ഏകദേശം 480 കോടി രൂപയാണ് വേണ്ടിവരിക. ഗ്രാറ്റുവിറ്റി തുക നേരിട്ട് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും പിഎഫ് വിഹിതം പിഎഫ് ഓഫിസ് വഴിയും നിക്ഷേപിക്കണമെന്നാണ് നിർദേശമുള്ളത്. ഇന്ത്യയിലെ ഗ്രാറ്റുവിറ്റി പേയ്മെന്റ് നിയമപ്രകാരം ഒരു സ്ഥാപനത്തിൽ തുടർച്ചയായി കുറഞ്ഞത് അഞ്ച് വർഷം സേവനമനുഷ്ഠിച്ച ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരാണ്. അവസാനമായി വാങ്ങിയ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. പ്രൊവിഡന്റ് ഫണ്ടിന്റെ കാര്യം എടുക്കുകയാണെങ്കിൽ ജീവനക്കാരനും തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീതം ഓരോ മാസവും നിക്ഷേപിക്കുന്നു. ഈ തുകയ്ക്ക് നികുതിരഹിത പലിശയും ലഭിക്കുന്നു.
അതേസമയം വിമാനങ്ങൾ വാങ്ങുന്നതിനായി മുൻകൂർ നൽകിയ ഏകദേശം 873 കോടി തിരികെ ലഭിക്കുന്നതിനായി ജെറ്റ് എയർവേസ് ലിക്വിഡേറ്റർ നൽകിയ അപ്പീലിൽ നവംബർ ആദ്യവാരം എൻസിഎൽഎടി ബോയിങ്ങിന് നോട്ടിസ് അയച്ചിരുന്നു. ഈ കേസ് ഡിസംബർ ആദ്യവാരം വീണ്ടും പരിഗണിക്കും. 2024 നവംബറിൽ സുപ്രീം കോടതി ഉത്തരവിട്ടതനുസരിച്ച് കമ്പനിയുടെ ആസ്തികൾ വിറ്റഴിച്ച് കടം വീട്ടുന്ന നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്.
2019 ഏപ്രിലിലാണ് ജെറ്റ് എയർവേയ്സിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചത്. തുടർന്ന് ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശം ജലാൻ-കാൽറോക്ക് കൺസോർഷ്യത്തിന് കൈമാറാനുള്ള ട്രിബ്യൂണൽ തീരുമാനം 2024 നവംബർ 7-ന് സുപ്രീം കോടതി റദ്ദാക്കി. ഭരണഘടനയുടെ 142-ആം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കമ്പനിയുടെ ആസ്തികൾ വിറ്റഴിച്ച് കടം വീട്ടാൻ സുപ്രീം കോടതി ഉത്തരവിട്ടത്.
ഇന്ത്യൻ വ്യോമയാന മേഖലയിൽ ഒരുകാലത്ത് നിർണായക സാന്നിധ്യമായിരുന്ന വിമാനക്കമ്പനിയാണ് ജെറ്റ് എയർവേയ്സ്. മുംബൈ, ഡൽഹി, ചെന്നൈ, ആംസ്റ്റർഡാം എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കമ്പനിക്ക് രാജ്യത്തിനകത്തും അയൽ രാജ്യങ്ങളിലുമായി വിപുലമായ വിമാന സർവീസ് ശൃംഖലയുണ്ടായിരുന്നു. യൂറോപ്പ്, പശ്ചിമേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും ജെറ്റ് എയർവേയ്സ് സർവീസുകൾ നടത്തിയിരുന്നു.
എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചു. ഇതിന്റെ ഭാഗമായി 2019 ഏപ്രിൽ 12 മുതൽ അന്താരാഷ്ട്ര സർവീസുകളിലേക്കുള്ള ബുക്കിങ്ങുകൾ കമ്പനി അവസാനിപ്പിച്ചു. പിന്നാലെ ഏപ്രിൽ 17-ന് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി എല്ലാ വിമാന സർവീസുകളും നിർത്തിവെക്കുകയും ചെയ്തു. ജെറ്റ് എയർവേയ്സിന്റെ അനുബന്ധ സ്ഥാപനമായിരുന്നു ജെറ്റ്ലൈറ്റ്. ജെറ്റ് എയർവേയ്സ് എന്ന ബ്രാൻഡിന് കീഴിൽ എസ്2 എന്ന കോഡ് ഉപയോഗിച്ചായിരുന്നു ഇതിന്റെ പ്രവർത്തനം.
ജെറ്റ് എയർവേയ്സ് ജീവനക്കാർക്ക് 480 കോടി കുടിശിക പലിശ സഹിതം നല്കാന് കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവ്
