ചെന്നൈ: തമിഴ്നാട്ടില്‍ വിവാഹിതരായ പുരുഷ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15 ദിവസത്തെ പിതൃത്വാവധി അനുവദിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. പ്രഖ്യാപനത്തിന് പിന്നാലെ ആനുകൂല്യത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിറക്കി.
പ്രസവം പ്രതീക്ഷിക്കുന്ന തിയ്യതിക്ക് 15 ദിവസം മുമ്പ് മുതല്‍ അല്ലെങ്കില്‍ കുഞ്ഞ് ജനിച്ച് ആറുമാസത്തിനുള്ളില്‍ ഈ അവധി പ്രയോജനപ്പെടുത്താം. പ്രസവസമയത്ത് ഭാര്യയോടൊപ്പം കഴിയാനും നവജാതശിശുവിന്റെ പരിചരണത്തില്‍ പങ്കാളിയാകാനും പുരുഷ ജീവനക്കാര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. നിലവില്‍ വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 365 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിട്ടുള്ളത്.
കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ഭാര്യയും ഭര്‍ത്താവും തുല്യമായി പങ്കിടുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അമ്മയ്ക്കും കുഞ്ഞിനും പ്രസവസമയവും അതിനുശേഷമുള്ള ആദ്യഘട്ടവും ഏറെ നിര്‍ണായകമാണ്. ഈ കാലയളവില്‍ ഭാര്യക്ക് ശാരീരികവും മാനസികവുമായ പിന്തുണ നല്‍കുന്നതിനും കുഞ്ഞിന്റെ പരിചരണത്തില്‍ പങ്കാളിയാകുന്നതിനും പിതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
പിതൃത്വാവധി അനുവദിക്കുന്നത് കുടുംബ ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ തുല്യമായി പങ്കിടാനും കുഞ്ഞിന്റെ ആദ്യകാല പരിചരണത്തില്‍ പിതാവിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുവഴി ജോലി ചെയ്യുന്ന ദമ്പതികള്‍ക്ക് കുടുംബജീവിതത്തിലേക്കുള്ള മാറ്റം കൂടുതല്‍ എളുപ്പമാക്കാനാകുമെന്നും ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രി വിജയ് നേതൃത്വം നല്‍കുന്ന തമിഴ്നാട് സര്‍ക്കാര്‍ നിരവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനും 365 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നതും എം എല്‍ എമാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
ആദ്യ രണ്ട് കുട്ടികളുടെ ജനനത്തിന് ലഭിക്കുന്ന അതേ കാലയളവിലുള്ള പ്രസവാവധി മൂന്നാമത്തെ കുട്ടിയുടെ ജനനത്തിനും അനുവദിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ഈ പ്രഖ്യാപനത്തിനെതിരെ ഡി എം കെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ രംഗത്തെത്തിയിരുന്നു. കുടുംബാസൂത്രണം നടപ്പാക്കിയ ആദ്യ സംസ്ഥാനമാണ് തമിഴ്നാടെന്നും ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന നയം സംസ്ഥാനം പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, സിക്കിം, പശ്ചിമബംഗാള്‍, അസം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും പുരുഷ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിതൃത്വാവധി അനുവദിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ 15 ദിവസത്തെ നയമാണ് തമിഴ്നാട് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ പിന്തുടരുന്നത്. സിക്കിമിലും പശ്ചിമബംഗാളിലും 30 ദിവസം വരെ പിതൃത്വാവധി ലഭിക്കും. അസമില്‍ 14 ദിവസവും കേരളത്തില്‍ 10 ദിവസവുമാണ് അവധി. കേരളത്തില്‍ കുഞ്ഞ് ജനിച്ച് മൂന്ന് മാസത്തിനുള്ളില്‍ അവധി ഉപയോഗിക്കണം.
കേന്ദ്രസര്‍ക്കാരിന്റെ 15 ദിവസത്തെ ശമ്പളത്തോടുകൂടിയ പിതൃത്വാവധി ആനുകൂല്യം കുട്ടിയെ ദത്തെടുക്കുന്ന അര്‍ഹരായ ജീവനക്കാര്‍ക്കും ലഭ്യമാണ്.
