ശ്രീനഗര്‍: ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ച സംഭവത്തില്‍ മതവിവാദം ശക്തമായതോടെ ചടങ്ങില്‍ പങ്കെടുത്ത മുസ്ലിം പുരോഹിതര്‍ ഖേദം പ്രകടിപ്പിച്ചു. ചടങ്ങില്‍ പങ്കെടുത്തതിലൂടെ ആരുടെയെങ്കിലും മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ അല്ലാഹുവിനോട് മാപ്പിരക്കുന്നതായും പശ്ചാത്തപിച്ച് പ്രാര്‍ഥന നടത്തിയതായും പുരോഹിതര്‍ പ്രസ്താവനയില്‍ അറിയിച്ചു. വന്ദേമാതരം മനസുകൊണ്ടോ വാക്കുകളിലൂടെയോ അംഗീകരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച ശ്രീനഗറില്‍ നടന്ന വഖഫ് ദിനാഘോഷത്തിലാണ് വിവാദത്തിന് ഇടയാക്കിയ സംഭവം. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണും മുതിര്‍ന്ന ബിജെപി നേതാവുമായ ഡോ. ദരക്ഷന്‍ ആന്ദ്രാബി, ലോക്സഭാംഗം മിയാന്‍ അല്‍ത്താഫ് അഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വര്‍ഷം പുറപ്പെടുവിച്ച നിര്‍ദേശപ്രകാരം ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ ആറു ചരണങ്ങളും ആലപിക്കുകയായിരുന്നു.
ചടങ്ങില്‍ പങ്കെടുത്തതിലൂടെ ആരുടെയെങ്കിലും മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നതായും പ്രാര്‍ഥന സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നതായും പുരോഹിതര്‍ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
1875ല്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേമാതരം സ്വാതന്ത്ര്യസമരകാലത്ത് ദേശീയ മുദ്രാവാക്യമായി മാറിയിരുന്നു. മതപരമായ വൈവിധ്യം പരിഗണിച്ച് 1937ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആദ്യ രണ്ടു ചരണങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി അംഗീകരിച്ചത്. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ രാഷ്ട്രപതി അംഗീകാരം നല്കിയ ദേശീയ ബഹുമതിക്കെതിരായ അവഹേളനം തടയല്‍ നിയമഭേദഗതിയിലൂടെ വന്ദേമാതരത്തെ ദേശീയഗാനത്തിന് തുല്യമായ പരിഗണനയില്‍ ഉള്‍പ്പെടുത്തി. ഗാനത്തിന്റെ ചരണങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും അതിനെ അവഹേളിക്കുന്നതും ആലാപനം തടസ്സപ്പെടുത്തുന്നതും ശിക്ഷാര്‍ഹമാക്കിയിട്ടുണ്ട്.
അതേസമയം, വന്ദേമാതരം ആലപിച്ചതിനെതിരെ മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള മതസംഘടനകളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ്മയായ മുതഹിദ മജ്ലിസെ ഉലമ (എം.എം.യു) രംഗത്തെത്തി. ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിയമപരമായ നിര്‍ബന്ധമില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. മുസ്ലിംകളുടെ മതപരമായ സ്വത്തുക്കളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ ചുമതലപ്പെട്ട വഖഫ് ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ ഗാനം ആലപിച്ചത് അനുചിതമാണെന്നും സംഘടന വിമര്‍ശിച്ചു.
ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസമായ തൗഹീദിന്, അഥവാ അല്ലാഹുവിന്റെ ഏകത്വ സങ്കല്പത്തിന് വിരുദ്ധമാണ് മാതൃഭൂമിയെ ദൈവികതയോടെ ആരാധിക്കുന്നതെന്ന് എം.എം.യു പ്രസ്താവനയില്‍ പറഞ്ഞു. സ്വന്തം നാടിനോടുള്ള സ്നേഹത്തെ ഇസ്ലാം അംഗീകരിക്കുന്നുണ്ടെങ്കിലും രാജ്യസ്നേഹവും രാജ്യത്തെ ആരാധിക്കുന്നതും രണ്ടാണെന്ന് സംഘടന വ്യക്തമാക്കി. മതപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നവര്‍ വിശ്വാസങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും സംഘടന ആവശ്യപ്പെട്ടു. സംഭവത്തില്‍ നിയമോപദേശം തേടുന്ന കാര്യം പരിഗണനയിലാണെന്നും അറിയിച്ചു.
വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ദരക്ഷന്‍ ആന്ദ്രാബിയുടെ പ്രതികരണം തേടിയെങ്കിലും ലഭ്യമായില്ല.
വന്ദേമാതരം ആലപിച്ച വഖഫ് ചടങ്ങില്‍ പങ്കെടുത്തതില്‍ ഖേദം പ്രകടിപ്പിച്ച് മുസ്ലിം പുരോഹിതര്‍
