വില്യമിന്റെയും കേറ്റിന്റെയും നോര്‍ഫോക്കിലെ വസതിയില്‍ മോഷണശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

വില്യമിന്റെയും കേറ്റിന്റെയും നോര്‍ഫോക്കിലെ വസതിയില്‍ മോഷണശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍


ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരന്റെയും ഭാര്യ കേറ്റ് മിഡില്‍ട്ടണിന്റെയും നോര്‍ഫോക്കിലെ ആഡംബര വസതിയായ ആന്‍മര്‍ ഹാളില്‍ അതിക്രമിച്ചുകയറി മോഷണം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ മോഷണശ്രമത്തിനും സുരക്ഷിത മേഖലയിലേക്ക് അതിക്രമിച്ചുകയറിയതിനും കുറ്റം ചുമത്തി.

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വില്യം- കേറ്റ് ദമ്പതികളുടെ ഗ്രാമീണ വസതിയില്‍ നവംബര്‍ 23നാണ് അതിക്രമമുണ്ടായത്.

നോര്‍ഫോക്ക് പൊലീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം രാജകുടുംബത്തിന്റെ വസതിക്ക് സമീപത്തുനിന്നാണ് രണ്ട് പേരെ മോഷണശ്രമവും അതിക്രമിച്ചുകയറ്റവും സംശയിച്ച് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അല്‍ബേനിയന്‍ സ്വദേശികളായ മിര്‍ജന്‍ ഡോക്കു (34), അരിലന്‍ എന്‍ഡോസി (32) എന്നിവരാണ് അറസ്റ്റിലായത്. മോഷണം നടത്താനുള്ള ഉദ്ദേശ്യത്തോടെ അതിക്രമിച്ചുകയറിയതിനും സംരക്ഷിത മേഖലയില്‍ അനധികൃതമായി പ്രവേശിച്ചതിനുമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 

സംഭവസമയത്ത് രാജകുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നില്ല. അന്തരിച്ച എലിസബത്ത് രാജ്ഞി വില്യം- കേറ്റ് ദമ്പതികള്‍ക്ക് വിവാഹസമ്മാനമായി നല്‍കിയതാണ് സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റ്. ദമ്പതികളും മക്കളായ ജോര്‍ജ് രാജകുമാരന്‍, ഷാര്‍ലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരന്‍ എന്നിവരും സംഭവസമയത്ത് വസതിയിലുണ്ടായിരുന്നില്ല.

വാരാന്ത്യങ്ങളിലും അവധിക്കാലത്തും താമസിക്കാനായി ഉപയോഗിക്കുന്ന ഗ്രാമീണ വസതിയാണ് ആന്‍മര്‍ ഹാള്‍. നിലവില്‍ മക്കളോടൊപ്പം ബെര്‍ക്ഷെയറിലെ വിന്‍ഡ്സര്‍ ഗ്രേറ്റ് പാര്‍ക്കിലുള്ള ഫോറസ്റ്റ് ലോഡ്ജിലാണ് വില്യമും കേറ്റും താമസിക്കുന്നത്.

കോവിഡ് മഹാമാരിയുടെ കാലത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ദമ്പതികള്‍ ഏറെക്കാലം ചെലവഴിച്ചതും ഈ വസതിയിലായിരുന്നു.

രാജകുടുംബത്തിന്റെ സുരക്ഷാവീഴ്ച സംബന്ധിച്ച ആശങ്കകള്‍ക്കിടയിലാണ് പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്. സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലെ മുന്‍ രാജകുമാരന്‍ ആന്‍ഡ്രൂവിന്റെ വസതിക്ക് സമീപം അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്ത് ആറുമാസം പിന്നിടുന്നതിനിടെയാണ് വീണ്ടും സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്.