ഷെയ്ഖ് ഹസീനയുടെ മടക്കം; ബംഗ്ലാദേശില്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കി

ഷെയ്ഖ് ഹസീനയുടെ മടക്കം; ബംഗ്ലാദേശില്‍ അതിര്‍ത്തി സുരക്ഷ ശക്തമാക്കി


ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങിവരാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ ബംഗ്ലാദേശില്‍ സുരക്ഷ ശക്തമാക്കി. ഡിസംബര്‍ 16ന് രാജ്യത്തിന്റെ വിജയദിനത്തില്‍ മടങ്ങിയെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഹസീന അറിയിച്ചതോടെയാണ് വിവിധ ജില്ലകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയത്. അതിര്‍ത്തി സുരക്ഷാ സേനയായ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിന്റെ (ബിജിബി) 108 പ്ലാറ്റൂണുകളെയാണ് വിവിധ മേഖലകളിലായി വിന്യസിച്ചത്. ഇതില്‍ 56 പ്ലാറ്റൂണുകള്‍ ഹസീനയുടെ ജന്മനാടായ ഗോപാല്‍ഗഞ്ചിലാണ്.

ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രെയിനുകള്‍ക്കും ബസുകള്‍ക്കും ബാങ്കുകള്‍ക്കും നേരെ തീവെപ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയത്.

അവാമി ലീഗിന്റെ ശക്തികേന്ദ്രമായ ഗോപാല്‍ഗഞ്ചില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമം, തീവെപ്പ്, നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ അരങ്ങേറി. കഴിഞ്ഞയാഴ്ച ജില്ലയില്‍ ഏകദേശം 2,000 പൊലീസ് ഉദ്യോഗസ്ഥരെയും ബിജിബിയുടെ 10 പ്ലാറ്റൂണുകളെയും സ്‌പെഷ്യല്‍ റെസ്പോണ്‍സ് ബറ്റാലിയന്‍ (എസ്ആര്‍ബി) അംഗങ്ങളെയും വിന്യസിച്ചതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

ഹസീനയെ അനുകൂലിക്കുന്നവര്‍ കൂടുതല്‍ അക്രമസംഭവങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിനിടെ, നിരോധിക്കപ്പെട്ട അവാമി ലീഗ് നവംബര്‍ 27, 28 തിയ്യതികളില്‍ രാജ്യവ്യാപകമായി ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ബിജിബി പുറത്തുവിട്ട പ്രസ്താവന പ്രകാരം ധാക്കയില്‍ 18 പ്ലാറ്റൂണുകളെയും നാരായണ്‍ഗഞ്ചില്‍ ആറും ഗാസിപൂരില്‍ 18ഉം മൈമെന്‍സിങ്ങില്‍ രണ്ടും ചാറ്റോഗ്രാമില്‍ മൂന്നും കോക്‌സ് ബസാറില്‍ ഒരു പ്ലാറ്റൂണിനെയും വിന്യസിച്ചിട്ടുണ്ട്.

79കാരിയായ ഷെയ്ഖ് ഹസീന 2024 ഓഗസ്റ്റില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് പുറത്തായതിനു പിന്നാലെയാണ് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അന്നുമുതല്‍ അവര്‍ ഇന്ത്യയിലാണ് കഴിയുന്നത്.

ബംഗ്ലാദേശിന്റെ 1971ലെ വിമോചനദിനത്തിന്റെ വാര്‍ഷികമായ ഡിസംബര്‍ 16ന് ധാക്കയിലേക്ക് മടങ്ങിയെത്താനാണ് ഹസീന ഉദ്ദേശിക്കുന്നതെന്ന് അവരുടെ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഡല്‍ഹിയില്‍നിന്ന് ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്ന് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാരോപിച്ച് 2025 നവംബറില്‍ ധാക്കയിലെ ട്രൈബ്യൂണല്‍ ഹസീനയ്ക്ക് അസാന്നിധ്യത്തില്‍ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ വിധി അംഗീകരിക്കില്ലെന്നും നിയമപരമായി കേസിനെ നേരിടാന്‍ തയ്യാറാണെന്നും ഹസീന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഹസീനയുടെ മടങ്ങിവരവ് ബംഗ്ലാദേശ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. രാജ്യത്ത് പ്രവേശിക്കുന്ന നിമിഷം തന്നെ അവരെ അറസ്റ്റ് ചെയ്യുമെന്നും നിയമപരമായ കൈമാറ്റ നടപടികളിലൂടെ മാത്രമേ മടങ്ങിവരാന്‍ കഴിയൂ എന്നുമാണ് ധാക്കയുടെ നിലപാട്.

ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ പരിശോധിച്ചുവരികയാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും കൂടുതല്‍ സമ്മര്‍ദം സൃഷ്ടിച്ചിരിക്കുകയാണ്.