അയോവ: അയോവയിലുള്ള സൈനിക ആയുധനിര്‍മാണശാലയില്‍ സൂക്ഷിച്ചിരുന്ന അപകടകരമായ സ്‌ഫോടകവസ്തുക്കള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിര്‍വീര്യമാക്കി. ഏകദേശം 10,000 പൗണ്ട് (4,535 കിലോഗ്രാം) തൂക്കം വരുന്ന കാലപ്പഴക്കം ചെന്നതും അസ്ഥിരാവസ്ഥയിലായതുമായ സ്‌ഫോടകവസ്തുക്കളാണ് സൈന്യം പൊട്ടിത്തെറിപ്പിച്ചത്.
സ്‌ഫോടനത്തെ തുടര്‍ന്ന് ഒരു മൈലിലധികം അകലെ വരെ പുകപടലം ദൃശ്യമായതായും വലിയ സ്‌ഫോടനശബ്ദം കേട്ടതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് പ്രകമ്പനവും അനുഭവപ്പെട്ടു.
അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലനുസരിച്ച് അയോവ ആര്‍മി ആമ്മ്യൂണിഷന്‍ പ്ലാന്റില്‍ 15 വര്‍ഷത്തിലേറെയായി സൂക്ഷിച്ചിരുന്ന ലെഡ് അസൈഡ് അടങ്ങിയ 68 വീപ്പകളാണ് അപകടാവസ്ഥയിലായത്. ഇവ സ്വയം പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്നും സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാനോ തുറക്കാനോ കഴിയില്ലെന്നും കണ്ടെത്തിയതോടെയാണ് നിയന്ത്രിത സ്‌ഫോടനത്തിന് തീരുമാനിച്ചത്.
2026 ജനുവരിയിലാണ് അയോവയിലെ സൈനിക കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന ലെഡ് അസൈഡ് നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ സൈന്യം ആരംഭിച്ചത്. മാര്‍ച്ചില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തു അപകടകരമായ രീതിയില്‍ രാസപരിണാമത്തിന് വിധേയമായി അസ്ഥിരമായതായി കണ്ടെത്തി.
തുടക്കത്തില്‍ രാസനിര്‍വീര്യവത്ക്കരണത്തിനായി ഒരു സ്ഥാപനത്തിന്റെ സഹായം തേടിയെങ്കിലും മെയ് മാസം നിയന്ത്രിത സ്‌ഫോടനത്തിലൂടെ വസ്തുക്കള്‍ നശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി സെപ്റ്റംബറില്‍ അടിയന്തര അനുമതിക്കായി പരിസ്ഥിതി സംരക്ഷണ ഏജന്‍സിയായ ഇപിഎയെ സമീപിച്ചു. നവംബര്‍ 13ന് അനുമതി ലഭിച്ചു.
നവംബര്‍ 20ന് സ്‌ഫോടനത്തെക്കുറിച്ച് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ സൈന്യം പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് രണ്ടുതവണ നടപടി മാറ്റിവെച്ചു. ഒടുവില്‍ നവംബര്‍ 25ന് പ്രാദേശിക സമയം രാവിലെ ഒമ്പതിന് സ്‌ഫോടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
സ്‌ഫോടനം നടത്തുന്നതിന് അപ്പീല്‍ കോടതി അനുമതി നല്‍കുകയും അയോവയുടെ നിയുക്ത ഗവര്‍ണറും ഡെമോക്രാറ്റുമായ റോബ് സാന്‍ഡ് സമ്മതിക്കുകയും ചെയ്താല്‍ മാത്രമേ നടപടിയുമായി മുന്നോട്ടുപോകാവൂ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച വൈകിട്ടോടെ കോടതി സ്‌ഫോടനത്തിന് തടസ്സമില്ലെന്ന് വ്യക്തമാക്കി. അതേസമയം, മാസങ്ങള്‍ക്കുമുമ്പ് ഇതിനായി നിയോഗിക്കപ്പെട്ട വിദഗ്ധര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണകൂടം തീരുമാനമെടുക്കണമെന്ന് റോബ് സാന്‍ഡും പ്രതികരിച്ചു.
സ്‌ഫോടനത്തെത്തുടര്‍ന്ന് വിഷാംശമുള്ള ലെഡ് പൊടികള്‍ വായുവിലും പ്രതലങ്ങളിലും കലരാന്‍ സാധ്യതയുണ്ടെന്ന് സൈന്യം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌ഫോടനസ്ഥലത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലുള്ള പ്രദേശങ്ങളിലായിരുന്നു പ്രത്യേക ജാഗ്രതാ നിര്‍ദേശം.
പ്രദേശവാസികളോട് മുന്നറിയിപ്പ് നല്‍കിയ മേഖലകളില്‍ പ്രവേശിക്കരുതെന്നും വീടിനുള്ളില്‍ കഴിയുന്നവര്‍ വാതിലുകളും ജനലുകളും അടച്ചിടണമെന്നും നിര്‍ദേശിച്ചു. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ലെഡ് വിഷബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
അയോവയിലെ മിഡില്‍ടൗണ്‍ പട്ടണത്തിലെയും സമീപത്തെ ബാധിത പ്രദേശങ്ങളിലെയും താമസക്കാരോട് ഒഴിഞ്ഞുപോകാനും നിര്‍ദേശിച്ചു. താമസക്കാരുടെ താത്ക്കാലിക പുനരധിവാസത്തിന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയായ ഫെമയുടെ സഹായവും ലഭ്യമാക്കി. പ്രദേശം സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചശേഷം ഫോണ്‍ മുഖേന അറിയിപ്പ് നല്‍കുമെന്നും തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങാമെന്നും അധികൃതര്‍ വ്യക്തമാക്കി.
സ്‌ഫോടനത്തിന് മുന്നോടിയായി മിഡില്‍ടൗണിന് ചുറ്റുമുള്ള വ്യോമഗതാഗതത്തിനും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
നിയന്ത്രിത സ്‌ഫോടനം മനുഷ്യരുടെയോ പ്രകൃതിദത്ത പരിസ്ഥിതിയുടെയോ ഗുണനിലവാരത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തലെന്ന് അയോവ ആര്‍മി ആമ്മ്യൂണിഷന്‍ പ്ലാന്റ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ ഡാനിയല്‍ നോസ്സെ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
